ആശുപത്രികളിലെ ചികിത്സ നിരക്ക് ഏകീകരിച്ച് അതാത് ആശുപത്രികളിൽ പരസ്യപ്പെടുത്തുന്നതിന് സർക്കാർ ഉത്തരവായി

  സ്വകാര്യ ആശുപത്രികൾ  ചികിത്സാ നിരക്കിന്റെ പേരിൽ പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്ന സാഹചര്യത്തിൽ ചികിത്സ നിരക്ക് ഏകീകരിച്ച് അതാത് ആസ്പത്രികളിൽ പരസ്യപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ നടത്തിയ നിരന്തര പരിശ്രമങ്ങൾ വിജയത്തിലേക്ക്.
ഇക്കാര്യമുന്നയിച്ച് കേരളത്തിൻ്റെ മുഖ്യ മന്ത്രിയും മന്ത്രിമാരുമടക്കം 140 എം.എൽ.എമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കഴിഞ്ഞ വർഷം അബ്ദുൽ റഹ്മാൻ കത്ത് നൽകിയിരുന്നു.  ഒരേ പട്ടണത്തിലെ വിവിധ ആശുപത്രികളിൽ ഒരേ തരത്തിലുള്ള ഓപ്പറേഷനും ചികിത്സക്കും പരിശോധനക്കും പലതരം ഫീസുകളാണ് നിലവിൽ ഈടാക്കി വരുന്നത്.  രോഗികളുടെ നിരക്ഷരതയും അജ്ഞതയും  മുതലെടുത്ത് വൻ തുകകളാണ് പല ആശുപത്രികളും വസൂലാക്കുന്നത്. എം.ആർ.ഐ, സി.ടി.സ്കാൻ, എൻ ജിയോഗ്രാം, ഡയാലിസിസ് തുടങ്ങി അനസ്തേഷ്യ വരെ ഒരേ തരത്തിലുള്ള പരിശോധനകൾക്കും ചികിത്സക്കും തോന്നിയപോലെ പണം ഈടാക്കുന്നു. 
സ്വകാര്യ ആശുപത്രികളിലെ മുറികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റൂമുകളേക്കാൾ വാടക ഈടാക്കുന്ന ആശുപത്രികളുണ്ട്.
ഈ ചൂഷണത്തിനെതിരെ നിയമ നിർമ്മാണം നടത്താനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അബ്ദുൽ റഹ്മാൻ കത്ത് നൽകിയിരുന്നത്.  ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എന്നിവർ സജീവമായി ഇടപെടുകയും സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ക്ലിനിക്കൽ സ്ഥാപനങ്ങൾ നൽകേണ്ട സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിർണ്ണയിക്കുക എന്ന ലക്ഷ്യത്തോട് കൂടി അവയുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച് നിലവിലുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷനും, നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 39(2) പ്രകാരം ഓരോ സ്ഥാപനങ്ങളും തങ്ങൾ പരിശോധനക്കായി ചുമത്തുന്ന ഫീസ് പ്രദർശിപ്പിക്കണമെന്നും സെക്ഷൻ 39 (4) പ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങൾ സ്വമേധയാ പ്രദർശിപ്പിച്ചിട്ടുള്ള നിരക്കിനേക്കാൾ അധികം ഈടാക്കാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അബ്ദുൽ റഹ്മാൻ്റെ കത്തിൻ്റെയും ജനപ്രതിനിധികളുടെ ഇടപെടലുകളുടെയും ഫലമായി ഈ നിയമം കർശനമായി പാലിച്ച് സ്വകാര്യ ആശുപത്രികൾ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സർക്കാർ എല്ലാ ജില്ലാ കളക്റ്റർമാർക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്.
പാവപ്പെട്ട രോഗികൾക്ക് ആശ്വാസകരമായ നടപടിക്ക് വേണ്ടി പരിശ്രമിച്ച നേതാക്കൾക്കും, ജനപ്രതിനിധികൾക്കും അബ്ദുൽ റഹ്മാൻ നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}