ഇല്ലായ്മനടമാടിയ കാലം.... എന്റെ നോമ്പോർമകൾഅബ്ദുൽ അസീസ് ഹാജി പക്കിയൻ

പുണ്ണ്യ മാസമായ റമദാൻ കടന്നു പോവുമ്പോൾ  ഓർമ്മയിൽ എത്താറുള്ളത്  ചരിത്ര പ്രസിദ്ധമായ  റമളാൻ 17 ലെ ബദറിന്റെ  ചരിത്രമാണ്. അതോടൊപ്പം തന്നെ എനിക്ക് മറക്കാൻ പറ്റാത്ത ഒരു ദിനം കൂടിയാണ്
റമദാൻ 17....
 അന്നാണ് ഞങ്ങളുടെ ഉമ്മയുടെ വിയോഗം...
 ഉമ്മയെ ഓർക്കാതെ ഇപ്പോൾ ഒരു റമദാനും കടന്നുപോകാറില്ല...

ഏകദേശം ഒരു 55 വർഷങ്ങൾക്കപ്പുറമുള്ള കാലത്തി ലൂടെയാണ് 
 എന്റെ ഓർമ്മകൾ കടന്നുപോവുന്നത്..

റമദാനിന്റെ വരവറിയിച്ചു കൊണ്ടുള്ള
തലേ മാസം.. ശഹബാനിന്റെ തുടക്കത്തിൽ തന്നെ ഉമ്മ റമദാനെ വരവേൽക്കാനുള്ള ഒരുക്കം തുടങ്ങിയിരിക്കും...
 നെല്ല് കുത്തി...
ആ അരി ഇടിച്ചു... പൊടിച്ച്...
 വറുത്ത്.. ചെമ്പിലാക്കി... ചെമ്പിന്റെ വായ തുണികൊണ്ട് മൂടി ഭദ്രമായി കെട്ടിവെക്കും..
 അതുപോലെ തന്നെ മുളക് മല്ലി മുതലായവ
ഉണക്കി വറുത്ത്‌ ഇടിച്ച് പൊടിച്ച്... കുപ്പികളിലാക്കി വെക്കും..
 വീട്ടിലെ
നാടൻ മാവിൽ നിന്ന് എടുത്ത പച്ച മാങ്ങകൾ ഉപ്പിലിട്ട് ഭരണിയിലാക്കി വെക്കും..

 വീടിന്റെ അരികും മൂലയും അടിച്ചു വൃത്തിയാക്കി..., വീട്ടിലുള്ള പായകൾ മുതൽ നിസ്കാരക്കുപ്പായം വരെ നന്നായി കഴുകി വെക്കും..
 അതിനൊക്കെ അന്ന്  സഹായിക്കാൻ തൊട്ടടുത്ത വീടുകളിലും മറ്റുമുള്ള സ്ത്രീകൾ ഉമ്മക്കൊപ്പം ഉണ്ടാകും..

 ഉപ്പ അധിക നാളുകളിലും വീട്ടിലുണ്ടാവുന്ന അവസ്ഥ അല്ലായിരുന്നു അന്ന്..
 പ്രായമായ  വല്ലിപ്പയും വല്ലിമ്മയും ഉണ്ടായിരുന്നെങ്കിലും കാര്യങ്ങളൊക്കെ നടത്തിപ്പോന്നിരുന്നത്
ഉപ്പാന്റെ അഭാവത്തിൽ ഉമ്മ തന്നെയായിരുന്നു..
സഹായത്തിനായി
എളാപ്പ യൂസഫ് മാസ്റ്ററും ,
അമ്മാവൻ കോമുക്കുട്ടി വല്ല്യാക്കയും ഉണ്ടാകും..

നാട്ടിൽ അന്നൊക്കെ വറുതിയുടെ കാലമായിരുന്നു..
ആ 
 അല്ലലൊന്നും  അറിയാത്തവർ  വിരലിലെണ്ണാവുന്ന വീടുകളേ അന്ന് നാട്ടിൽ ഉണ്ടായിരുന്നുള്ളൂ...

കുറച്ച് ഭൂ സ്വത്തുള്ളവരായിരുന്നു അന്ന് നാട്ടിലെ പണക്കാർ..
അവരുടെ കൃഷിയിടത്തിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന കാലം.....

അന്ന് നോമ്പ് തുറക്ക് പത്തിരിയും പോത്തിറച്ചിക്കറിയും ഉണ്ടാക്കുന്നത് വളരെ കുറഞ്ഞ വീടുകളിൽ മാത്രം..
'വലിയ വീടുകളിൽ'
 കെട്ടിച്ചയച്ച മകളുടെ പുതിയാപ്പിളയുടെ ആദ്യത്തെ കൊല്ലത്തെ
നോമ്പ് തുറപ്പിക്കലിന്..
(നാട്ടിൽ നോമ്പ് പിറപ്പിക്കൽ എന്ന് പറയും)

വീട്ടിൽ വളർത്തുന്ന കോഴികളിലൊന്നിനെ പിടിച്ച് അറുത്ത് കോഴിക്കറി വെച്ചെങ്കിലായി..
 കോഴിക്ക് പുറകെയോടിയുള്ള കോഴിപിടുത്തവും
അറവും 
അതിന്റെ കോലാഹലങ്ങൾ കൊണ്ട് 'തുറ വിവരം' നാട്ടുകാർ മൊത്തം അറിഞ്ഞിരിക്കും....
ആ കോഴികൊണ്ട് നോമ്പും അത്താഴവും മുത്താഴവും ഭംഗിയായി ആഘോഷിക്കും...
എന്നാലും പോത്തിറച്ചി നിർബന്ധം...
ഇതൊക്കെ സാധാരണക്കാർക്കന്നന്യമായിരുന്നു
അന്ന്.. അന്നന്നക്കുണ്ടെന്നു 
പറയുന്ന വീടുകളിൽ പോലും....
നോമ്പു തുറക്കുള്ള വിഭവമായി ഉണ്ടാവുക....
 'അരി കുതിർത്ത് അമ്മിയിൽ അരച്ച്
അത് കൊണ്ട് മൺചട്ടിയിൽ ചുട്ടെടുക്കുന്ന ഓട്ട അടയോ,
വാഴ ഇലയിലോ പൊടുവണ്ണി (ഇപ്പുത്തി) ഇലയിലോ പരത്തി ഇലയോടെ ചുട്ടെടുക്കുന്ന കട്ടി പത്തിരിയോ,
മറ്റോ 
 ചില വീടുകളിലെങ്കിലും ഉണ്ടെങ്കിൽ ആയി....'
 തരിക്കഞ്ഞിയും  അപൂർവം വീടുകളിൽ മാത്രം..

അധിക വീടുകളിലും, പൂള കൊത്തി നുറുക്കി വെച്ചതോ , അല്ലെങ്കിൽ ചക്ക കൂട്ടാനോ,
കാവ്ത്തോ,ചക്കര കിഴങ്ങ് പുഴുങ്ങിയതോ ഒക്കെ ആയിരിക്കും,

കൂടെ ശർക്കര ചേർത്ത കട്ടൻ ചായയും ഉണ്ടാവും..
അന്ന് വലിയ വീടുകളിൽ പോലും ആണുങ്ങൾക്ക് മാത്രം പഞ്ചസാര ചേർത്ത  ചായയും പെണ്ണുങ്ങൾക്ക് ചക്കര ചായയുമായിരുന്നു പതിവ്... 
അന്നത്തെ പ്രതാപമുള്ള വീടുകളിൽ പോലും നോമ്പ് തുറക്കുന്നതിന് ഇന്നത്തെ സമൂസ കട്ട്ലെറ്റ്  പോലുള്ള പൊരിച്ച വിഭവങ്ങളോ മറ്റു പഴങ്ങളോ ഉണ്ടാവാറില്ല..
തരിക്കഞ്ഞി അപൂർവം വീടുകളിൽ മാത്രം..

 ഒട്ടിപ്പിടിച്ച  ഈത്തപ്പഴം 
അന്നത്തെ മുന്തിയ ഇനമായിരുന്നു...
അതും വളരെ അപൂർവമായേ ഉണ്ടാവാറുള്ളൂ...
ഒരു കാരക്കകൊണ്ട് അനേകം ചീളുകളാക്കി അതിൽ ഒരു ചീളു കൊണ്ടായിരുന്നന്നു നോമ്പ് മുറിച്ചിരുന്നത്..
പിന്നെ പച്ച വെള്ളവും,
.
തെങ്ങുംതോപ്പ് സ്വന്തമായി ഉള്ളവർ പോലും ഇങ്ങനെയുള്ള വിശേഷസമയങ്ങളിൽ പോലും
തെങ്ങിൽ നിന്ന് ഇളനീർ എടുത്ത് കുടിക്കുന്നത് അപൂർവം,
പ്രതാപമുള്ള ചില വീടുകളിൽ ഇളനീരിനു വേണ്ടി
പ്രത്യേകം തെങ്ങ് തന്നെ തിരഞ്ഞെടുക്കുന്നവരും അന്നുണ്ടായിരുന്നു..

വൈദ്യുതിയോ, ഫ്രഡ്ജ് പോലുള്ള ഒരു ഉപകാരണവും ഇല്ലാത്ത കാലം....
*********
** ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ  മൂന്നോ നാലോ എണ്ണം  ഇളനീർ ചകരി കളഞ്ഞ്
 ആ വെള്ളത്തിൽ തണുപ്പിക്കാൻ ഇട്ടുവച്ചിട്ടുണ്ടെങ്കിൽ
 അന്ന്
ഞാൻ ഉറപ്പിച്ചു ഇന്ന്
 ഉപ്പ വീട്ടിലെത്താൻ സാധ്യതയുണ്ടെന്ന്...

പലപ്പോഴും ഞാൻ എഴുന്നേൽക്കുന്നതിനു മുമ്പ് തന്നെ പുലർച്ചെ
ഉപ്പ സ്ഥലം വിട്ടിട്ടു മുണ്ടാകും..

ആണുങ്ങൾ
മഗ് രിബിന് പള്ളിയിൽ പോയാൽ പിന്നെ ഇശാ നമസ്കാരവും, തറാവീഹും  കഴിഞ്ഞേ  പലരും വീട്ടിലെത്ത്തൂ..
അന്ന് പള്ളികളിലൊന്നും ഇന്നത്തെപ്പോലെ നോമ്പ് തുറക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല..
പച്ചവെള്ളമോ, ഏറിയാൽ കാരക്കയുടെ ഒരു  ചീന്തോ കിട്ടിയാലായി..

തറാവീഹ് കഴിഞ്ഞ് വീട്ടിലെത്തിയാൽ 
ആ സമയത്ത് കഴിക്കാനായിയുള്ള  
കഞ്ഞി മിക്കവാറും വീടുകളിലും  ഉണ്ടാവും..

 അത് കുടിച്ച് കുറച്ച് വീടിന് പുറത്തൊക്കെ അല്പം  വിശ്രമിച്ച ശേഷം അൽപ്പം മയങ്ങും..
ഒരു പാതിര ആവുമ്പോൾ തന്നെ എഴുന്നേൽക്കും,..

അപ്പോഴും പുലർച്ചെക്ക്‌ എണീക്കുക '
 എന്നാണ് അന്നതിന് പറയാറ്..
(ഇപ്പൊൾ പുലർച്ചക്ക് 
സുബിഹിയോടടുത്ത സമയത്താണ് മിക്ക വീടുകളിലും അത്താഴത്തിനെഴുന്നേൽക്കാറാണ് പതിവ്..).

റേഷൻ കിട്ടിയ ഗോതമ്പ് വൈകുന്നേരം തന്നെ
മൺ കലത്തിൽ ഇട്ട് വേവുന്നതിന്  അടുപ്പിൽ വെച്ചിട്ടുള്ളത്
ചെറു തീയ്യിൽ അടുപ്പിൽ കിടന്ന് 
ആ സമയമാകുമ്പോഴേക്കും വെന്തിട്ടുണ്ടാവും...
മിക്കവാറും ആ ഗോതമ്പ് ചോറ് കഴിച്ചായിരിക്കും മിക്ക വീടുകളിലും നോമ്പ് ആരംഭിക്കുക..

അക്കാലത്ത് റമളാനിൽ 
വൈകുന്നേരങ്ങളിൽ 
 എല്ലാ ദിവസവും വീട്ടിൽ വലിയൊരു കലത്തിൽ
കഞ്ഞി വെക്കും...
ആ കഞ്ഞിക്ക്‌
വേണ്ടി വൈകുന്നേരം അസറിന്  ശേഷം
 വീടിന്റെ പരിസരങ്ങളിൽ ഉള്ളവരും
മറ്റു കേട്ടറിഞ്ഞ വരും
 പാത്രങ്ങളുമായി വരും..
അവർക്കൊക്കെ വല്ലിപ്പയുടെ സാന്നിധ്യത്തിൽ,
കഞ്ഞി
വിളമ്പി കൊടുക്കും,
 ആ കഞ്ഞിക്ക് വേണ്ടി ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ  നിന്ന് പോലും കേട്ടറിഞ്ഞ് ആളുകൾ എത്താറുണ്ടായിരുന്നു..

പ്രയാസമുള്ള കുടുമ്പ വീടുകളിലേക്കും അതുപോലെ തൊട്ടടുത്ത അയൽ വീടുകളിലേക്കും അവർക്കുള്ള അരി ഒന്നാം നോമ്പിന് തന്നെ അവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കും..

 1970-75 കാലഘട്ടമായപ്പോഴേക്കും
 നാട്ടിൽ നിന്നും ചിലർ പത്തേമാരിയിലും മറ്റും ഗൾഫിൽ എത്തിപ്പെട്ടതോടെ ഈ പട്ടിണിക്കൊക്കെ ഒരു പരിധി വരെ അറുതി വന്നു...

ഇരുപത്തിയേഴാം രാവിന്റെ അന്ന് നാട്ടിലെ പ്രമുഖരായവരുടെ വീടുകളിൽ അതി രാവിലെ തന്നെ പല ദേശങ്ങളിൽ നിന്നെത്തിയ ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കാറുണ്ടായിരുന്നു...

സക്കാത്ത് വാങ്ങാൻ.....
.*****
ഉപ്പ നാട്ടിൽ ഉണ്ടാവുമായി രുന്നില്ലെങ്കിലും
 ഉപ്പാക്ക് സക്കാത്ത്  കൊടുക്കാനുള്ള വിഹിതം ഉണ്ടെങ്കിൽ അത് കൊടുക്കേണ്ടവരുടെ പേരുൾപ്പെടെ ഉമ്മാനെ ഏൽപ്പിച്ചിട്ടുണ്ടാവും..

വളരെ ചെറിയ സംഖ്യയായിരിക്കും ഓരോരുത്തർക്കുമുണ്ടാവുക..

അതിനും ആളും തരവും അനുസരിച്ച് ഏറ്റക്കുറച്ചിൽ ഉണ്ടാവും..
 അതൊരു നോമ്പ് പത്തിനു മുമ്പ് തന്നെ ഉമ്മ അവരുടെ വീട്ടിലെത്തിച്ചു കൊടുത്തിട്ടുണ്ടാവും...

അക്കാലത്ത് മഴയില്ലെങ്കിൽ റമളാനിൽ രാത്രിയിൽ വഅള് ഉണ്ടാവും..
കാര്യമായി മദ്രസയുടെ പണിക്കോ മറ്റോ ആവശ്യത്തിന് ആയിരിക്കും..

തറാവീഹ് കഴിഞ്ഞാൽ.
 സ്ത്രീകൾ ഉൾപ്പെടെ ഓലക്കൊടി കൊണ്ട് ചൂട്ടുകെട്ടി കത്തിച്ച് അതിന്റെ വെളിച്ചത്തിലാണ് വയളിന് പോവാറ്....
അപൂർവം ആണുങ്ങളുടെ കയ്യിൽ റാന്തലോ 'പാനീസ്സോ' ഉണ്ടാവും..
 അന്ന് ഉമ്മാന്റെ കയ്യില് മൂന്ന് കട്ട ബാറ്ററിക്ക് പ്രവർത്തിക്കുന്ന ഒരു ടോർച്ച് ഉണ്ടായിരുന്നു..

അത് ചെറുവിൽ കാദർ മുസ്ലിയാരുടെ മരുമകൻ  അലിഹസ്സൻ കാക്ക മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത് ഉപ്പാക്ക് കൊടുത്തതായിരുന്നു...
(പിന്നീട് അലിഹസ്സൻ കാക്ക കൊണ്ടുവന്ന ഫിലിപ്സ് ഹോളണ്ടിന്റെ ആറു ബാറ്ററിയിൽ പ്രവർത്തിച്ചിരുന്ന അഞ്ചു ബാന്റ് റേഡിയോ... അതായിരിക്കും ചേറൂരിലെ ആദ്യത്തെ  റേഡിയോ...?
ആ റേഡിയോയും അദ്ദേഹം മലേഷ്യലേക്ക് തിരിച്ചു പോയപ്പോൾ ഉപ്പാക്കാണ് കൊടുത്തത്..
അതിന്
കേന്ദ്ര സർക്കാർ ലൈസൻസ് എടുത്ത് വളരെക്കാലം ഉപയോഗിച്ചതും
ആ റേഡിയോയിൽ കൂടിയുള്ള പാട്ട് കേൾക്കാൻ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ
പ്രക്ഷേപണം ചെയ്യാറുള്ള ലക്ഷദീപ് പരിപാടിയിലെ മാപ്പിളകലാപരിപാടികൾ കേൾക്കാനും 
കോഴിക്കോട്ടെ ഖാളി മാരുടെ മാസമുറപ്പിക്കൽ പോലുള്ള വിശേഷങ്ങളും വാർത്തകളും അറിയാനും 
 കേൾക്കാനും അയൽവാസികൾ കൂട്ടത്തോടെ വീട്ടിൽ ഒത്തു കൂടുന്നതും ഇന്നും ഓർക്കുന്നുഎനിക്കന്ന് ഏറെ ഇഷ്ടം
ശ്രീ ലങ്ക പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള ചലച്ചിത്ര ഗാനങ്ങളും കോഴിക്കോട് നിലയത്തിൽ നിന്നുള്ള ശിശു ലോകവും ബാലലോകവുമായിരുന്നു ഏറെ ഇഷ്ടപ്പെട്ടവ  അന്നത് മുടങ്ങാതെ കേൾക്കുമായിരുന്നു..)

വഅളിന്   പോകുമ്പോൾ ഉമ്മ വൈകുന്നേരം തയ്യാറാക്കി വെച്ച നെയ്യപ്പമോ കലത്തപ്പമോ
വാഴ ഇലയിൽ പൊതിഞ്ഞ്,
 ഉമ്മക്കൊപ്പം
വ അളിന് 
പോകാറുള്ള  സഹ കൂട്ടുകാരികളുടെ ആരോടെയെങ്കിലും കയ്യിൽ പിടിക്കാൻ ഏല്പിക്കും....
 വയള് കേൾക്കുന്നതിനു വേണ്ടി  സ്ത്രീകൾക്കിരിക്കാൻ വെളിച്ചക്കുറവുള്ള സ്ഥലത്ത് ഓല കൊണ്ട് ഒരു മറയോ മറ്റോ കെട്ടിയിട്ടുണ്ടാവും..
 അവിടെ ഓലത്തടുക്കിലോ, ഉമ്മ കയ്യിൽ കരുതിയ നാടൻ പായയോ വിരിച്ച് അതിൽ കൂടെയുള്ളവരും ഇരുന്നു വയള് കേൾക്കും..

വഅള് കമ്മിറ്റിയിൽ പെട്ടവർ ആരെയെങ്കിലും സ്ത്രീകൾ ഇരിക്കുന്ന  ഭാഗത്തേക്ക്
പാട്ടപ്പിരിവിന് വേണ്ടി എത്തും...
  ചില്ലറ നാണയങ്ങൾ അവർ ഉടുത്ത തുണിയുടെ കോന്തലയിൽ
കെട്ടി കരുതിയിട്ടുള്ളവർ മിക്കവരും....
കോന്തല അഴിച്ച്  നാണയത്തുട്ടുകൾ
ആ പാട്ടയിൽ ഇടും..
 ഉമ്മ കയ്യിൽ കരുതിയ നെയ്യപ്പം അവരെ ഏൽപ്പിക്കും....
വഅളിനിടയിലോ അതിന് ശേഷമോ ലേലം വിളിക്കാൻ...

 പലഹാരപ്പൊതി ഏൽപ്പിക്കുമ്പോൾ അവർ ഉമ്മാനോട് പേര് ചോദിക്കും'
 ഉമ്മ പറയും...
" ഒരനുഭാവി  
 ഹലാലായ ഉദ്ദേശം നിറവേറാൻ ദുആ ഇരക്കാൻ"...

 വഅളിന്റെ അവസാന ദിവസം തൗബ ഉണ്ടാവും..
 കൂടെ പിരിവും..
 അന്ന് സ്ത്രീകളുടെ അടുത്തേക്ക് പിരിവിന് വരുന്നവരുടെ കൂട്ടത്തിൽ മിക്കവാറും എളാപ്പ യൂസഫ് മാസ്റ്ററും ഉണ്ടായിരിക്കും...

 ഉമ്മാന്റെ കഴിവിന്റെ പരമാവധി നല്ലൊരു തുക സംഭാവനായി കൊടുക്കും..

വഅളിനിടയിൽ സംഭാവന കൊടുത്തവരുടെ പേരും സംഖ്യയും അവരുടെ ഉദ്ദേശവും വായിക്കുന്നത് മിക്കവാറും എളാപ്പ യൂസുഫ്മാസ്റ്റർ തന്നെയായിരിക്കും....
അക്കൂട്ടത്തിലും വായിക്കും

"ഒരനുഭാവി സ്ത്രീ തന്റെ ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യാൻ  ഇത്ര ഉറുപ്പിക.".

പലപ്പോഴും
ആ അനുഭാവി സ്ത്രീയുടേതായിരിക്കും സംഭാവനയായി ലഭിച്ചതിൽ അന്നത്തെ വലിയ തുക..

അക്കാലത്ത്,  ഊരകം മലയിൽ പോയി, വിറകുണ്ടാക്കിയോ, പുല്ലരിഞ്ഞോ, തേക്കിന്റെ ഇലയോ കാലികൾക്ക് കൊടുക്കാനുള്ള പുല്ല് അരിഞ്ഞ് കെട്ടുകളാക്കി ശേഖരിച്ചതോ ,  വേങ്ങര അങ്ങാടിയിൽ കൊണ്ടുപോയി വിറ്റു കിട്ടുന്ന  തുച്ഛമായ വരുമാനം കൊണ്ടായിരുന്നു സാധാരക്കാർ ജീവിച്ചു പോന്നിരുന്നത്..

 അന്ന് ഉപജീവനത്തിനു വേണ്ടി വേങ്ങര വലിയോറപോലുള്ള പ്രദേശങ്ങളിൽ നിന്ന് പോലും സ്ത്രീകൾ അടക്കമുള്ള ആളുകൾ  പുലരുന്നതിന് മുൻപ് തന്നെ ഊരകം മലയിൽ എത്തും..
 അവിടുന്ന് കിട്ടുന്ന വിറകും മറ്റും ശേഖരിച്ച് ഇതും ചുമന്ന്
ഒരു ഉച്ചയാകുമ്പോൾ മലയിറങ്ങിത്തുടങ്ങും..
 ഭാരമേറിയ ചുമടുമായി വെയിലും വിശപ്പും ദാഹവും സഹിച്ച് വരുന്നവർക്ക് ക്ഷീണം തീർക്കുന്നതിനു വേണ്ടി
 ചുമടിറക്കി വെക്കാൻ ഒരു 'അത്താണി' കാലങ്ങൾക്ക് മുൻപേ വീടിനു മുൻപിൽ അന്നത്തെ വഴിയരികിൽ ഉണ്ടായിരുന്നു...
നാട്ടിലെ കച്ചവടക്കാരനായിരുന്ന കോട്ടാടാൻ മൊയ്തുട്ട്യാക്ക എന്നയാളാണ്  ആ അത്താണി പണി കഴിപ്പിച്ച തെന്നാണറിവ്..
ചുമട് തലയിലേറ്റി വരുന്നവർ
ഈ അത്താണിയിൽ ഒന്നിറക്കി വെച്ച് ക്ഷീണം മാറ്റിയ ശേഷമേ യാത്ര തുടരൂ...

ആ അത്താണിൽ അവരുടെ ചുമട് സ്വയം ഇറക്കി വെച്ച്
വീട്ടിൽ
ഉമ്മയുടെ അടുത്ത് വരും..
അവർ ദാഹത്തിന് വെള്ളം കുടിക്കാനാണ് വരുന്നതെങ്കിലും ..
ഉമ്മ അവരെക്കൂടി
കരുതി ഉണ്ടാക്കിയ കഞ്ഞി വിളമ്പി കൊടുക്കും..
ആ കഞ്ഞിയിൽ വറ്റ് കുറവും വെള്ളമായിരിക്കും അധികമുണ്ടാവുക...

 കൂട്ടാൻ ഉണ്ടെങ്കിലായി ...
..
പലരും ആ 'വെള്ള'ക്കഞ്ഞി
ഒറ്റ വലിക്കു 
കുടിച്ച് തീർക്കും..
അത്രയും ദാഹമായിരിക്കും അവർക്ക്...

എല്ലാ ദിവസവും 25-മുപ്പത്തോളം ആളുകൾ
ദാഹം തീർക്കാൻ
 ഉണ്ടാവും...
ആ കഞ്ഞിച്ചെമ്പും, വിളമ്പാനുള്ള തള്ളക്കൈലും കുടിക്കാനുള്ള പാത്രവും മറ്റും അതിനൊപ്പമുണ്ടാവും..

മിക്കസമയങ്ങളിലും വന്നവർ തന്നെ അവർക്ക് ആവശ്യമുള്ള "കഞ്ഞി" യെടുത്ത് കുടിച്ച് 
 അവർ കഴിച്ച പത്രങ്ങൾ അവർതന്നെ കഴുകി വെക്കും..
അവിടെ ജാതി മത വ്യത്യാസം ഇല്ലായിരുന്നു..

അതേപോലെ ഇരിങ്ങല്ലൂരിലെ കുമ്പാര കോളനിയിലെ 'കുശവന്മാർ' നാട്ടിൽ കൊയപ്പാന്മാർ എന്ന് വിളിക്കുന്ന കുംഭാരസ്ത്രീകൾ അവരുണ്ടാക്കിയ ചട്ടിയും കലവുമായി വിൽപ്പനക്കിറങ്ങിയാൽ അവരുടെ വീട്ടിൽ നിന്നും വല്ലതും കഴിച്ച ഭക്ഷണ മല്ലാതെ മറ്റൊരു വീട്ടിൽ നിന്നും  അക്കാലത്ത് ഒരു ഭക്ഷണവും അവർ കഴിക്കാറില്ല...
എന്നാൽ അവരും അവരുടെ കളിമൺ പാത്രങ്ങൾ നിറച്ച കൊട്ടകൾ അത്താണിയിൽ വെച്ച് വീട്ടിൽ വന്ന് വിശപ്പടക്കാറുണ്ടായിരുന്നു....
അതവർ എപ്പോഴും പറയുകയും ചെയ്യും..
വീട് വിട്ടാൽ ഞങ്ങൾ ഈ ഉമ്മാന്റെ കയ്യിൽ നിന്നേ എന്തെങ്കിലും വാങ്ങി കഴിക്കാറുള്ളൂ എന്ന്..
.
അത് കാലങ്ങളായി അങ്ങനെയായിരുന്നു...

അതിന് പാരിതോഷികമായി എല്ലാ നോമ്പിനും പത്തിരി ചുടാനുള്ള ചട്ടി അവരുടെ വക ഫ്രീ....

അതിനവർക്ക് ഉമ്മ കൈമടക്ക് കൊടുക്കും..
 അത് എത്രയെന്ന്പോലും നോക്കാതെ അവരുടെ വട്ടിയിലേക്കിടും...

പുതുതായി ആരെങ്കിലും നാട്ടിൽ നിന്ന് ഗൾഫിൽ പോവുന്നുണ്ടെങ്കിൽ
യാത്ര പറയാൻ വരും അവർക്കും ഉമ്മ കൈമടക്ക് കൊടുക്കും... അതൊരു അമ്പതോ നൂറോ. ആയിരിക്കും..
ചിലപ്പോൾ ഉള്ളതിനനുസരിച്ച്..
അവരത് സന്തോഷത്തോടെ സ്വീകരിക്കും..
ഗൾഫിൽ നിന്ന് തിരിച്ചു വന്ന നാട്ടുകാരും കുടുംബങ്ങളും ഉമ്മയെ കാണാൻ വരും...
ആര് വന്നാലും എന്തെങ്കിലും ഭക്ഷണം കഴിക്കാതെ ഉമ്മ തിരിച്ചയക്കില്ല..
അത് നിർബന്ധം..

വീടിന്റെ ഗൈറ്റ് പകൽ സമയങ്ങളിൽ പൂട്ടിയിടുന്നത് ഉമ്മാക്കിഷ്ടമല്ലായിരുന്നു..
വീട്ടിലേക്ക് വരുന്നവർ ഗേറ്റ് തുറക്കാൻ പറ്റാതെ
 മടങ്ങിപ്പോവുമോ എന്ന പേടി.....

ഉമ്മാന്റെ ഏറ്റവും അടുത്ത സഹായികൾ വീടിനടുത്തുള്ള ഹരിജന കുടുംബത്തിലെ ചേച്ചിമാരായിരുന്നു അവർക്ക്‌ ശേഷം അവരുടെ പെൺ മക്കളും മരുമക്കളുമായി .... സഹായികളായി
ഉണ്ടാവും ..
അവരിപ്പോഴും വീട്ടിലെ അംഗങ്ങളെ പ്പോലെ എല്ലാ ദിവസവും 
വീട്ടിൽ വന്നു
പോകുന്നുണ്ട്..
ഇതും കാലങ്ങളായി തുടരുന്നു .
..
റമളാൻ കഴിഞ്ഞ് മാസം കണ്ടെന്ന്
 ഉറപ്പ് കിട്ടിയാൽ ഉടനെ ഫിത്തർ സക്കാത്ത് വിഹിതം  അർഹതപ്പെട്ടവരുടെ വീട്ടിൽ എത്തിച്ചിരിക്കും..

കൂടെ അയൽ വീടുകളായ ഹരിജൻ  വീടുകളിലേക്കും അരിയും മറ്റും ഉമ്മ കൊടുത്തയച്ചിരിക്കും...

ഫിത്ർ സക്കാത്ത് സംഘടിച്ച് കൊടുക്കാൻ തുടങ്ങിയ കാലം വരെ അത് തുടർന്നു..

 അപ്പോഴും ഉമ്മാക്ക് നിർബന്ധം 
ഫിത്ർ സക്കാത്തിന്റെ പരിധിയിൽ പെടാത്ത ആയൽ വാസികളായ
സഹോദര സമുദായത്തിൽ പെട്ടവർക്ക്കൂടി പെരുന്നാളിന് വേണ്ടത് എത്തിക്കണമെന്ന് പറയും...
അതിപ്പോഴും തുടരുന്നു..

ഉമ്മ വിട പറഞ്ഞിട്ട് ഈ റമദാൻ
17 ന് പത്ത് വർഷം പൂർത്തിയാവുന്നു.
ആ മരണ വിവരം അറിഞ്ഞെത്തിയവരിൽ ജാതി മത വ്യത്യാസമില്ലാതെ... സാധാരണക്കാരായ സ്ത്രീകളായിരുന്നു ഏറെയധികവും ..

അവരൊക്കെ  ഊരകം മലയിൽ പോയി വിറകും മറ്റും ശേഖരിച്ച് വില്പന നടത്തി ഉപജീവനം കഴിഞ്ഞിരുന്ന വരായിരുന്നധികവും.....

വന്നവർ ദാഹിച്ചു
വലഞ്ഞപ്പോൾ കിട്ടിയ ആ 'കഞ്ഞിവെള്ളത്തിന്റെ'  നന്ദി  സൂചകമായി..

ഞങ്ങളൊക്കെയന്ന് ഉമ്മാന്റെ മരണത്തിൽ സങ്കടം ഉള്ളിൽ ഒതുക്കിയെങ്കിലും
  കേട്ടറിഞ്ഞെത്തിയ സാധാരണക്കാരായ  
അവരുടെ ദുഃഖം അത് അശ്രുഗണങ്ങളായും
തേങ്ങലായും
പുറത്ത് വന്നു....
........
അതുപോലെ
ആ  ചുമടിറക്കി വെച്ചിരുന്ന  'അത്താണി'യും നാമാവശേഷമായി.. ...

 സർവ്വശക്തൻ.. ഉമ്മയുടെയും നമ്മിൽ നിന്ന് വിടപറഞ്ഞ എല്ലാവരുടെയും പരലോകം ധന്യമാക്കട്ടെ....

പ്രാർത്ഥനയോടെ...

അബ്ദുൽ അസീസ് ഹാജി പക്കിയൻ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}