ട്വിറ്ററിന്റെ പാത പിന്തുടർന്ന് സമൂഹ മാധ്യമ ഭീമനായ മെറ്റയും പണം നൽകിയാൽ യൂസർമാർക്ക് ബ്ലൂടിക്ക് വെരിഫിക്കേഷൻ ബാഡ്ജ് കൊടുക്കുന്ന സംവിധാനം ആരംഭിച്ചിരിക്കുകയാണ്. പ്രതിമാസം 14.99 ഡോളർ ഈടാക്കിക്കൊണ്ടാണ് അമേരിക്കയിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം യൂസർമാർക്ക് ബ്ലൂടിക്ക് വെരിഫിക്കേഷൻ മെറ്റ നൽകുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, മൊബൈൽ ഉപകരണങ്ങളിൽ ‘മെറ്റാ വെരിഫൈഡി’ന് പ്രതിമാസം 1,450 രൂപയും വെബ് ബ്രൗസറിൽ നിന്ന് സബ്‌സ്‌ക്രൈബ് ചെയ്‌താൽ പ്രതിമാസം 1,099 രൂപയും ഈടാക്കും. 18 വയസിന് മുകളിലുള്ള ഏതൊരാൾക്കും ഇനി അത്രയും തുക നൽകിക്കൊണ്ട് സ്വന്തം ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് പ്രൊഫൈലുകളെ വെരിഫൈഡ് അക്കൗണ്ടാക്കി മാറ്റാൻ കഴിയും.
ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ പോലെ, ‘മെറ്റാ വെരിഫൈഡും’ നിങ്ങളുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾക്കൊപ്പം ഒരു നീല ചെക്ക്‌മാർക്ക് ചേർക്കും. നിലവിൽ ബീറ്റ ഘട്ടത്തിലുള്ള ഈ ഫീച്ചറിൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് വെയിറ്റിങ് ലിസ്റ്റിൽ ചേരാവുന്നതാണ്.
അധിക ഫീച്ചറുകൾ
സ്വന്തം പേരിനൊപ്പമൊരു നീല ചെക്ക്മാർക്ക് മാത്രമല്ല, കുറച്ചധികം ഫീച്ചറുകൾ കൂടി മെറ്റ വെരിഫൈഡ് അക്കൗണ്ടുകൾക്ക് ലഭിക്കും. അതായത്, അക്കൗണ്ടുകൾക്ക് സജീവമായ പരിരക്ഷ, നേരിട്ടുള്ള കസ്റ്റമർ സപ്പോർട്ട്, കൂടുതൽ റീച്ച്, സാധാരണ യൂസർമാർക്കില്ലാത്ത മറ്റ് ചില അധിക സവിശേഷതകളും ലഭിക്കും.
അതേസമയം, മെറ്റ വെരിഫൈഡ് ബിസിനസുകൾക്കും 18 വയസ്സിന് താഴെയുള്ളവർക്കും ലഭ്യമാവുകയില്ല. അതുപോലെ, നിങ്ങളുടെ ഇൻസ്റ്റ-ഫേസ്ബുക്ക് അക്കൗണ്ടിൽ നൽകിയിരിക്കുന്നതുമായി പൊരുത്തപ്പെടുന്ന പേരും ചിത്രവും ഉള്ള ഒരു ഗവൺമെന്റ് ഐഡി സ്ഥിരീകരണ രേഖയായി സമർപ്പിക്കണം.
മെറ്റ വെരിഫൈഡ്’ എങ്ങനെ ലഭിക്കും..?
about.meta.com/technologies/meta-verified എന്നതിലേക്ക് പോയി Facebook അല്ലെങ്കിൽ Instagram എന്നിവയിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക. വെയിറ്റിങ് ലിസ്റ്റിൽ ചേരുക എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ അക്കൗണ്ട് സ്ഥിരീകരണത്തിന് തയ്യാറായിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിക്കും.