വേങ്ങര: വിഷുവിനെ വരവേൽക്കാന്‍ വൈവിധ്യമാർന്ന ഇനങ്ങളുമായി പടക്ക വിപണി വേങ്ങരയിൽ സജീവമായി. വിലകുറഞ്ഞ മത്താപ്പ് മുതല്‍ ആയിരങ്ങള്‍ വിലയുള്ള വെടിക്കെട്ട് ഇനങ്ങളും വിപണിയിലുണ്ട്. പടക്കങ്ങള്‍, പൂത്തിരി, ചക്രം, മേശപ്പൂ, വിവിധ ഇനം കമ്പിത്തിരി എന്നിവയും വിപണിയില്‍ ലഭ്യമാണ്.
ചൈനീസ് പടക്കങ്ങള്‍ തന്നെയാണ് താരം, നാലടി നീളത്തില്‍ ഒന്നിന് 50 രൂപ വിലവരുന്ന കമ്പിത്തിരി മുതല്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ കത്തുന്ന കമ്പിത്തിരി വരെ ശേഖരത്തിലുണ്ട്. ഏറെനേരം വര്‍ണ വിസ്മയം തീര്‍ക്കുന്ന മഡ് പൂവുകള്‍, അഗ്നി പര്‍വതം പോലെകത്തുന്ന വോള്‍ക്കാനോ മേശപ്പൂവുകള്‍, ക്രിസ്മസ്ട്രീ പോലെ വിടരുന്ന മേശപ്പൂവുകള്‍ തുടങ്ങിയവക്കെല്ലാം ആവശ്യക്കാര്‍ ധാരാളമുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്ള പടക്കകമ്പനികളുടെ പടക്കങ്ങള്‍ ലഭ്യമാണെങ്കിലും ചൈനീസ് പടക്കങ്ങള്‍ തന്നെയാണ് വിപണിയിലെതാരം. വലിയ ശബ്ദം ഇല്ലാതെ തന്നെ വര്‍ണം വിതറുന്ന ഇനങ്ങളാണിവ. ഛോട്ടാ ഭീം പമ്പരം, ട്രോൺ, ബ്ലട്ടർഫ്ലൈ, ഹെലികോപ്റ്റർ, കളർ ഫ്ലാഷ്, ഡി.ജെ തുടങ്ങിയ പുതിയ ചൈന ഇനങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതലും. വിലക്കുറവുണ്ടെന്നതും ഇവയുടെ പ്രത്യേകതയാണ്. ഇതരസംസ്ഥാന തൊഴിലാളികളും പടക്കം വാങ്ങാന്‍ കടകളില്‍ എത്തുന്നുണ്ടന്ന് ഉടമ അഞ്ചു കണ്ടൻ അൻസാർ വേങ്ങര ലൈവിനോട് പറഞ്ഞു.