ചൂട് കൂടിയതോടെ പനിക്കൊപ്പം മഞ്ഞപ്പിത്തവും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലായേക്കും

മലപ്പുറം: വേനല്‍ച്ചൂട് കടുത്തതോടെ സാംക്രമിക രോഗങ്ങളുടെ വ്യാപനം കൂടുന്നു. ഒരാഴ്ചയ്ക്കിടെ വേനല്‍ കടുത്തതിന് ശേഷം ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ഇക്കാലയളവിലാണ്. രണ്ടുവര്‍ഷം മുമ്പ് ജില്ലയില്‍ മഞ്ഞപ്പിത്ത വ്യാപനം വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 

കുടിവെള്ള സ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ട സാഹചര്യം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്. കുടിവെള്ളത്തിന് ടാങ്കറുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളുടെ എണ്ണം കൂടിവരികയാണ്. വെള്ളം ശേഖരിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ലെന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്. 

അതിസാരവുമായി ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഒരാഴ്ചയ്ക്കിടെ 1,367 പേര്‍ ചികിത്സ തേടി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലേ കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള രോഗവ്യാപനത്തിന് തടയിടാനാവൂ.

ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വീണ്ടും കൂടുകയാണ്. ദിവസം ശരാശരി 1,200ന് മുകളില്‍ പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 8,532 പേര്‍ക്ക് പനി ബാധിച്ചു. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പനിയും കടുത്ത തലവേദനയും ചുമയും കഫക്കെട്ടുമാണ് കണ്ടുവരുന്നത്. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത പനി ബാധിതരോട് മൂന്ന് ദിവസത്തിനകവും പനി കുറവില്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുന്നുണ്ട്. അറുപത് വയസിന് മുകളിലുള്ളവരും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവരിലുമാണ് ജില്ലയില്‍ കൂടുതലായും കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇവര്‍ക്ക് ആശുപത്രിവാസവും വേണ്ടിവരുന്നുണ്ട്. ഈ പ്രായപരിധിയില്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസെടുക്കാത്തവര്‍ വേഗത്തില്‍ വാക്‌സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശമുണ്ട്. 

ഒരാഴ്ചയ്ക്കിടെ ഒമ്ബത് പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോള്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കരുവാരക്കുണ്ട്, ആനക്കയം, പാങ്ങ്, ചെറിയമുണ്ടം എന്നിവിടങ്ങളിലാണിത്. വെളിയങ്കോടില്‍ ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}