മലപ്പുറം: ലക്ഷദീപ് കേന്ദ്രമാക്കി ഹജ്ജ് എംബാർക്കേഷൻ പോയിന്റ് യാഥാർത്ഥ്യമാക്കണമെന്ന് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ലക്ഷദീപിലെ ഹാജിമാരെ സംബന്ധിച്ചിടത്തോളം കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും യാത്ര തിരിക്കുന്നത് പ്രയാസകമാണെന്നും അതിന് പരിഹാരമായി ലക്ഷദീപിൽ തന്നെ എംബാർക്കേഷൻ പോയിന്റ് സ്ഥാപിക്കുമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന്റെ പ്രഖ്യാപനം സ്വാഗതാർഹമാണന്നും അത് പെട്ടെന്ന് യാഥാർത്ഥ്യമാക്കണന്നും പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചി, ബേപ്പൂർ, മംഗലാപുരം തുറങ്ങിയ തുറമുഖങ്ങൾ കടന്നു വരുന്ന ഹാജിമാർക്ക് ദിവസങ്ങൾ നീണ്ട യാത്ര ദുസ്സഹമാണ്. ദീർഘ ദൂരം താണ്ടേണ്ട ഹജ്ജ് യാത്രയുടെ മുന്നോടിയായി മറ്റൊരു നീണ്ട യാത്ര ദ്വീപിലെ ഹാജിമാർക്ക് പ്രയാസകരമാണ്. കൂടാതെ ഇത് മനുഷ്യാവകാശ ലംഘനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അസോസിയേഷൻ പ്രസിഡണ്ട് പറമ്പാടൻ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.സി.കുഞ്ഞാപ്പു കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. പി.അബ്ദു റഹ്മാൻ (ഇണ്ണി),മംഗലം സൻഫാരി,ടി അബ്ദുൽ അസീസ് ഹാജി,ഇ കെ അബ്ദുൽ മജീദ്, തറയിട്ടാൽ ഹസ്സൻ സഖാഫി, പി പി മുജീബ് റഹ്മാൻ വടക്കേമണ്ണ, സിദ്ദീഖ് പുല്ലാര, അശ്റഫ് അരയകോട്, യു മുഹമ്മദ് റഊഫ്, ബെസ്റ്റ് മുസ്തഫ എന്നിവർ സംസാരിച്ചു.