മഴ കനക്കുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങളില്‍നിന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കടുത്തതും ഇടവിട്ടതുമായ പനി, ശരീരവേദന, കണ്ണ് ചുവന്നുതടിക്കുക, കൈകാല്‍ കഴപ്പ്, സന്ധികളില്‍ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. കൊതുകിനെ തുരത്തുകയാണ് രോഗം തടയാനുള്ള വഴി. കൊതുകുകള്‍ മുട്ടയിട്ടു പെരുകാൻ പാകത്തില്‍ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് നാശിനിയെങ്കിലും തളിക്കണം. മലമ്പനി പടര്‍ത്തുന്നതും കൊതുകുകളാണ്. പനി, തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, വയറിളക്കം, ഛര്‍ദി തുടങ്ങി വൈറല്‍ പനിക്കും കോവിഡ് 19നും സമാനമായ ലക്ഷണങ്ങളാണ് എച്ച1എൻ1നുമുള്ളത്.
പനി ബാധിതരുമായി അടുത്തിടപഴകുമ്ബോള്‍ മുൻകരുതല്‍ സ്വീകരിക്കുക. ചുമയ്‌ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്‌ക്കുക. രോഗി ഉപയോഗിച്ച വസ്‌തുക്കളുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോഴും രോഗം പടരും. കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുക എന്നീ മുൻ കരുതലുകള്‍ സ്വീകരിക്കണം. ശരീരവേദന, പനി, കൈകാല്‍ കഴപ്പ്, മൂത്രതടസ്സം, തളര്‍ച്ച എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗാണു ഉള്ള വെള്ളത്തില്‍ ചവിട്ടിനിന്നാല്‍ ചെറിയ മുറിവുകളിലൂടെ ഇവ ശരീരത്തിലെത്തും. മലിനജലം കലര്‍ന്ന കുളത്തില്‍ മുങ്ങിക്കുളിക്കുക വഴിയും രോഗം പടരാം. കണ്ണ്, മൂക്ക്, വായ എന്നിവ വഴിയും രോഗാണു ശരീരത്തിലെത്തും. മലിനജല സമ്ബര്‍ക്കം പരമാവധി ഒഴിവാക്കണം. മഞ്ഞപ്പിത്തവും മഴക്കാലത്തു കരുതിയിരിക്കേണ്ട രോഗമാണ്. ഹെപ്പറ്റൈറ്റിസിന് എ മുതല്‍ ഇ വരെ വകഭേദങ്ങളുണ്ട്.