വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ് സ്കൂളിൽ വായനാ വാരാചരണ പരിപാടികൾ പ്രധാനധ്യാപകൻ പി.സി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തീർത്ത അക്ഷരമരം ഇത്തവണത്തെ വായന ദിനത്തിന് ഏറെ പുതുമയേകി.
സ്കൂൾ അങ്കണത്തില തേൻമാവിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, സംസ്കൃതം അക്ഷരങ്ങൾ വിവിധ വർണ്ണങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന രീതിയിലായിരുന്നു അക്ഷരമരം തീർത്തത്. കൂടാതെ പ്രശസ്ത എഴുത്തുകാരുടെ ജീവചരിത്ര കുറിപ്പുകളും കൂടി ചേർന്നപ്പോൾ അക്ഷരമരം അറിവു മരമായി മാറി.
ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനത്തിൽ വായനദിന സന്ദേശം, പുസ്തക പരിചയം, അക്ഷര ശുദ്ധി മത്സരം, വായന മത്സരം, ക്വിസ്, ആസ്വാദന കുറിപ്പ് മത്സരം പ്രസംഗ മത്സരം, ഗണിത പതിപ്പ് തുടങ്ങിയ ഇനങ്ങൾക്ക് തുടക്കമായി.
ഷൈജു കാക്കഞ്ചേരി ,സംഗീത പി, അമീറലി വി, ദിൽന ജെ കെ, ആഷിക്ക് ആൻറണി, ജെസ്സി കെ.ഐ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.