വേങ്ങര: എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഹെൽത്ത് ക്ലബ്ബുകൾ ഇന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ച് ജനകീയമാവുകയാണ്.
പ്രായ ഭേതമന്യേ എല്ലാവർക്കും വഴങ്ങുന്ന 21 തരം വ്യായാമ മുറകൾ പരിശീലിപ്പിക്കുന്ന ഹെൽത്ത് ക്ലബ്ബുകൾ ഇന്ന് കണ്ണമംഗലം, ഏ.ആർ നഗർ, കുറ്റൂർ നോർത്ത് പ്രദേശങ്ങളിൽ ജനകീയമായി മുന്നേറുന്നു. ജില്ലയിലെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ വ്യാപിച്ച ഇത്തരം ക്ലബ്ബുകൾ വേങ്ങര പ്രദേശത്ത് തുടക്കം കുറിച്ചത് കണ്ണമംഗലം സ്കൂൾ ഗ്രൗണ്ടിലാണ്. തുടർന്ന് പരിസര പ്രദേശത്തേക്കെല്ലാം വ്യാപിച്ച് വലിയ ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ഹെൽത്ത് ക്ലബ്ബുകളിൽ 40 മുതൽ 70 വരെ അംഗങ്ങൾ പങ്കെടുക്കുന്നു. രാവിലെ 6 മണിക്ക് തുടങ്ങി അരണിക്കൂർ മാത്രം കൊണ്ട് അവസാനിക്കുന്ന ആരോഗ്യ - സൗഹൃദ കൂട്ടായ്മയാണ് ഇത്തരം ഹെൽത്ത് ക്ലബ്ബുകൾ. തികച്ചും സൗജന്യമായി പ്രവർത്തിക്കുകയും എല്ലാ ദിവസവും അതിരാവിലെ സജീവമാവുകയും ചെയ്യും ഇവ. 70 വയസ്സുകാരും 18 വയസ്സുകാരും ഇതിൽ അംഗങ്ങളാണ്.
യോഗയും മറ്റു വ്യായാമ മുറകളും സമന്വയിപ്പിച്ച് രൂപീകരിച്ച ഒരു പ്രത്യേക സിലബസ് അനുസരിച്ചാണ് ക്ലബ്ബുകളിൽ പ്രാക്ടീസ് നടക്കുന്നത്. ഇന്ത്യൻ സേനയിൽ സേവനം ചെയ്തിരുന്ന റിട്ടയേർഡ് ക്യാപ്റ്റൻ സലാഹുദ്ദീൻ പുളിക്കൽ ആണ് ഈ ആരോഗ്യ പരിശീന പരിപാടിയുടെ ഉപജ്ഞാതാവ്. 2023 ജനുവരി ഒന്നിന് എടക്കാപ്പറമ്പ് ജി.എൽ പി സ്കൂൾ ഗ്രൗണ്ടിൽ മൊയ്തീൻ ചക്കുങ്ങലിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ഹെൽത്ത് ക്ലബ് പിന്നീട് ജൂൺ ഒന്നിന് ഏ.ആർ നഗറിലേക്കും ജൂലൈ ഒന്നിന് കുറ്റൂർ നോർത്തിലേക്കും വ്യാപിക്കുകയായിരുന്നു. മൂന്ന് ക്ലബ്ബുകളിലുമായി 250 ലധികം അംഗങ്ങളുണ്ട്.
മലപ്പുറം ജില്ലയിൽ വിവിധ മേഖലകളിൽ പ്രഭാത വ്യായമം ഇപ്പോൾ ഇത്തരം ഹെൽത്ത് ക്ലബ്ബുകളിലാണ്.
കഴിഞ്ഞ ദിവസം തോട്ടശ്ശേരിയറ വോൾപ് ഓഡിറ്റോറിയ മുറ്റത്ത് നടന്ന സംഗമത്തിൽ ക്യാപ്റ്റൻ സലാഹുദ്ദീനെയും മൊയ്തീൻ ചക്കുങ്ങലിനെയും ആദരിച്ചു.