എ.ആർ. നഗർ: ശവസംസ്‌കാരത്തെ ചൊല്ലി കുടുംബങ്ങൾ തമ്മിൽ തർക്കം. ഇതോടെ എ.ആർ. നഗർ യാറത്തുംപടിയിലെ ശ്മശാനം താത്കാലികമായി അടച്ചു.
ഞായറാഴ്ചയായിരുന്നു തേരി കുടുംബത്തിലെ കൊറ്റിക്കുട്ടി (95) അന്തരിച്ചത്. ഇവരുടെ മൃതദേഹം സംസ്‌കരിക്കാനായി കുഴിവെട്ടാനൊരുങ്ങുമ്പോഴായിരുന്നു മറുവിഭാഗം ശ്മശാനം തങ്ങളുടെ കുടുംബത്തിന്റേതാണെന്നും മൃതദേഹം ഇവിടെ സംസ്‌കരിക്കാനാവില്ലെന്നുമുള്ള തടസ്സവാദവുമായെത്തിയത്. എന്നാൽ ശ്മശാനം തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണെന്നും സംസ്‌കാരം ഇവിടെ നടത്തണമെന്നും തേരി കുടുംബവും ആവശ്യപ്പെട്ടു.
ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തതോടെ നാട്ടുകാർ തിരൂരങ്ങാടി പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തി ഇരുവിഭാഗത്തെയും നീക്കി. തിങ്കളാഴ്ച തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖലിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എച്ച്.എസ്.ഒ. ശ്രീനിവാസൻ, പരപ്പനങ്ങാടി എച്ച്.എസ്.ഒ. ജിനേഷ്, തിരൂരങ്ങാടി എസ്.ഐ. എം. മുഹമ്മദ് റഫീഖ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി, അരീക്കാടൻ ഷംസു, എ.പി. അസീസ് എന്നിവരുടെ സാന്നിധ്യത്തിൽ ഇരുവിഭാഗവും തമ്മിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതിനാൽ ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ ആരും ശ്മശാനം ഉപയോഗിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ തഹസിൽദാരുടെ നിർദേശപ്രകാരം പോലീസ് ശ്മശാനം അടച്ചു.
കൊറ്റിക്കുട്ടിയുടെ മൃതദേഹം പിന്നീട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.