കോട്ടക്കൽ: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇ.പി. എഫ്, ഗ്രാറ്റിവിറ്റി, ഇ. എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങൾ ശമ്പളത്തിൽ നിന്നും കീഴിവ് ചെയ്തതിനുശേഷം തൊഴിലാളികൾക്ക് വിതരണം ചെയ്യാതെ വക മാറ്റുന്നത് മാനേജ്മെൻറ് അവസാനിപ്പിക്കണമെന്ന് കെ .പി .എ മജീദ് എംഎൽഎ ആവശ്യപ്പെട്ടു. എടരിക്കോട് ടെക്സ്റ്റൈൽസ് എസ് .ടി .യു തൊഴിലാളികൾ സംഘടിപ്പിച്ച അനിശ്ചിത കാല ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനേജ്മെൻറ് തൊഴിലാളി വിരുദ്ധമായ നടപടികൾ സ്വീകരിക്കുകയും തൊഴിലാളി സംഘടനകളെ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി കോർപ്പറേറ്റുകളുടെ തനതു ശൈലി നടപ്പാക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ശബളത്തിൽ നിന്നും പിടിക്കപെടുന്ന സംഖ്യ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ യഥാസമയം അടക്കാതെ ഇനി മുന്നോട്ട് പോവാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എഫ് കുടിശിക സംബന്ധിച്ച് തിരിമറി നടത്തുവാനോ, വകമാറ്റുവാനോ സർക്കാർ നിർദേശിച്ചിട്ടില്ല. നിയമസഭയിൽ നേരത്തേ തന്നെ വ്യവസായ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മാനേജ്മെന്റുകളുടെ ഇഷ്ടത്തിനനുസരിച്ച് പി.എഫ് സംഖ്യ വകമാറ്റിയാൽ തൊഴിലാളികൾ കൈയും കെട്ടി നോക്കി നിൽക്കില്ലന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നാലുമാസത്തെ കുടിശ്ശിക വിതരണം ചെയ്യുക ,തൊഴിലാളികളുടെ ശമ്പളം കൊണ്ട് തിരിമറി നടത്തുന്നത് അവസാനിപ്പിക്കുക, പി എഫ് സംഖ്യ യഥാസമയം ഫണ്ടിൽ അടക്കുക, മിൽ തുറന്നു പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ ഉപരോധ സമരം ആരംഭിച്ചത്. തൊഴിലാളികളുടെ പി എഫ് സംഖ്യ 583.13 ലക്ഷം രൂപയും, പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി ഇനത്തിൽ രണ്ടര കോടി രൂപയും, ഇ.എസ്.ഐ വിഹിതം തൊഴിലാളികളിൽ നിന്നും പിടിച്ചത് 50 ലക്ഷം രൂപയുമാണ് കുടിശ്ശിക . സിദ്ധീഖ് പൊട്ടിപ്പാറ അദ്ധ്യക്ഷനായി, വി.ടി. സുബൈർ തങ്ങൾ,ജലീൽ മണമ്മൽ, സിദ്ധീഖ് താനൂർ, അലി കുഴിപ്പുറം, പി.കെ. മുഹമ്മദ് ഷാഫി, സയ്യിദ് ഹുസൈൻ തങ്ങൾ, വി.ടി. അബ്ദുള്ള, കെ.അബ്ദുൽ നാസർ, എം.മുഹമ്മദ് ഷഫീക്ക്, കെ.പി.സുബ്രമണ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.