ഊരകം: ഊരകം മർകസുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭീമൻ സഡാക്കോ നിർമിച്ച് നാഗസാക്കി ദിനാചാരണം നടത്തി. സ്കൂളിലെ ചിത്രകലാധ്യാപകൻ ബഷീർ ചിത്രകൂടത്തിന്റെ മേൽനോട്ടത്തിലാണ് ഭീമൻ സഡാക്കോ തയ്യാറാക്കിയത്.
സോഷ്യൽ സയൻസ് അധ്യാപകരായ എം. കെ മൊയ്‌തീൻ കുട്ടി മാസ്റ്റർ, രേഖ ടീച്ചർ, കെ. ടി ഹംസ, ഹുദ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു.
പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി.