വേങ്ങര: വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ വേങ്ങര പഞ്ചായത്ത് കമ്മിറ്റി വിവിധ രാഷ്ട്രിയ മത സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് പാക്കടപ്പുറായ അങ്ങാടിയിൽ
സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗം നാസർ വേങ്ങര
ഉൽഘാടനം ചെയ്തു.
ഈ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മാനവികതയിൽ വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരോടും ചേർന്നു നിൽക്കാനുള്ള ഒന്നിപ്പിന്റെ അവസാനത്തെ വിളിയാണ് മണിപ്പൂരിൽ നിന്നും ഹരിയാനയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഉയരുന്നത് എന്നും, രാജ്യം സ്വാതന്ത്ര്യത്തിന്റെ നിർവചനത്തിന് അർഹമാവുന്നത് അതിന്റെ ഭരണകൂടവും ഭരണരീതികളും വിഭവസമാഹരണവും വിനിയോഗവും അന്യാശ്രയത്വമില്ലാതെയും ജനാഭിലാഷങ്ങൾക്ക് വിധേയമായും നടക്കുമ്പോഴാണ്.
ജനസംഖ്യയിലും സാമ്പത്തിക വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക പുരോഗതിയിലും ഉന്നതിയിൽ നിൽക്കുമ്പോഴും വികസനത്തിന്റെ അസന്തുലിതത്വം ജനസംഖ്യയിലെ ഒരു വലിയ വിഭാഗത്തെ മാറ്റി നിർത്തിയിരിക്കുകയാണ് എന്നതും നമ്മെ അലോസരസപ്പെടുത്തുന്നു. വംശീയ ഫാസിസം ഭരണഘടനയെ ഇല്ലാതാക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുന്നു.
ജനാധിപത്യത്തെയും മത നിരപേക്ഷതയും നില നിർത്താൻ ഭരണ ഘടന സംരക്ഷിക്കാൻ ജനാധിപത്യ സംരക്ഷണ കൂട്ടായ്മകൾ ഉയർന്നുവരണമെന്ന് അതിന് വെൽഫെയർ പാർട്ടി ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കുഞ്ഞാലി മാസ്റ്റർ സ്വാഗതം ആശംസിച്ചു.
ഹാരിസ് മാളിയേക്കൽ (മുസ്ലിം ലീഗ് )
രാധാകൃഷ്ണൻ മാസ്റ്റർ
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് ),
ഇ.കെ. റഫീഖ് (എസ്ഡിപിഐ)
പി.എച് ഫൈസൽ (ആർ. എസ്. പി - എൽ),
കൃഷ്ണൻ കുട്ടി CM (പുരോഗമനകലാ സംസ്കാരിക സംഘം)
അനസ് കോഴിച്ചെന(കെ.എൻ എം),
എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളിൽ നിന്ന് പൊരുതി നേടിയ സ്വാതന്ത്ര്യം ഇപ്പോൾ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാൻ പൗരന്മാർ തെരുവിറങ്ങേണ്ട ഗതികേടിലാണ് രാജ്യം എത്തിനിൽക്കുന്നത് എന്നും ഇത്തരം കൂട്ടായ്മകൾ ആ സമര മുന്നേറ്റ കൂട്ടായ്മകൾക്ക് ഒരു മാതൃകയാവട്ടെ എന്നും അവർ അഭിപ്രായപ്പെട്ടു.
മണ്ഡലം കമ്മിറ്റി അംഗം റഹീം ബാവ നന്ദി പറഞ്ഞു.