ആസ്ഥാനമന്ദിരം നടപടികൾ വേഗത്തിലാക്കാൻ ലീഗ്

മലപ്പുറം: ഡൽഹിയിൽ പാർട്ടി ആസ്ഥാന മന്ദിരം ഒരുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുസ്‌ലിംലീഗ് തീരുമാനം. തിങ്കളാഴ്ച മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ ചേർന്ന ദേശീയ നിർവാഹകസമിതി യോഗം ഫണ്ട് സമാഹരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.

പഴയ ഡൽഹിയിലെ ദരിയാഗഞ്ചിൽ പാർട്ടി സ്ഥാപകൻ മുഹമ്മദ് ഇസ്മായീൽ സാഹിബിന്റെ പേരിലാണ് ദേശീയ ആസ്ഥാനമൊരുക്കുന്നത്. ഖാഇദെ മില്ലത്ത് സെന്റർ എന്നു പേരിട്ട ഇതിനായി 50 കോടി രൂപ സമാഹരിക്കണം. കേരളത്തിൽനിന്ന് 25 കോടിയും പുറത്തുനിന്ന് 25 കോടിയും കണ്ടെത്താനാണ് ലക്ഷ്യം. ജൂലായ് ഒന്നുമുതൽ 31 വരെ നടന്ന ക്യാമ്പയിനിലൂടെ കേരളത്തിൽനിന്ന് 28.02 കോടി രൂപ സമാഹരിച്ചു. സെപ്റ്റംബർ 15 വരെയാണ് കേരളത്തിനു പുറത്ത് ഫണ്ട് സമാഹരണം. ഇതിന്റെ പുരോഗതി യോഗം വിലയിരുത്തി.

ഏഴുപത്തിയഞ്ചാം വാർഷികസമ്മേളനത്തിന്റെ അജൻഡ, സംഘടനാവിഷയങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചയായി. ദേശീയപ്രസിഡന്റ് ഖാദർ മൊയ്തീൻ, ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., സെക്രട്ടറി ഖുർറം അനീസ് ഉമർ, സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽസെക്രട്ടറി പി.എം.എ. സലാം, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസമദ് സമദാനി എം.പി. തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}