ഊരകം: മീസാൻ ഗോൾഡിൽ തുക നിക്ഷേപിച്ച നൂറ് കണക്കിന് പേരെ വഞ്ചിച്ച എം .ഡി മാർക്കെതിരെ നിക്ഷേപകരുടെ പ്രതിഷേധം. സ്ഥാപക എം.ഡി. മീസാൻ അബ്ദുള്ളയുടെ പൂളാപ്പീസിലെ വീടിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഊരകം
കാരാത്തോട് ടൗണിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ 200ഓളം പേർ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധം നടത്തിയത്.
15 വർഷം മുൻപേ കോഴിക്കോട് ,അരീക്കോട് അടക്കമുള്ള മീസാൻ ഗോൾഡ് നിക്ഷേപ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് വ്യാപാര നഷ്ടം കൊണ്ടോ ,മറ്റു നിയമപ്രശ്നം കൊണ്ടോ അല്ല ,നിക്ഷേപ തുക എംഡിമാർ വക മാറ്റി സ്വന്തം പേരിൽ ആക്കിയത് കൊണ്ടാണെന്ന് സമരക്കാർ ആരോപിച്ചു. എങ്കിലും ഇപ്പോഴും കൈമാറാതെ കോഴിക്കോട് സ്ഥിതി ചെയ്യുന്ന സ്ഥലം വിറ്റഴിച്ച് നിക്ഷേപകരുടെ ദുരിതത്തിന് പരിഹാരം കാണാൻ പല വഴിക്കും ബന്ധപ്പെട്ടിട്ടും സാധിക്കാതെ വന്നതുകൊണ്ടാണ് പ്രക്ഷോഭ വഴി തെരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.
പ്രശ്നപരിഹാരത്തിന് ഇനിയും വഴി ഒരുങ്ങുന്നില്ലെങ്കിൽ മറ്റുള്ള എം ഡിമാരുടെ വീടുകളിലേക്കും പ്രക്ഷോഭ സമരങ്ങളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. കാരത്തോട് നടന്ന മാർച്ചിന്റെ സമാപനം അഡ്വ. സമീർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു .പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ വി.പി മുഹമ്മദ് മഞ്ചേരി, സൈതലവി മഞ്ചേരി, അസീസ് കണ്ണൂർ, ഇബ്രാഹിം എടപ്പാൾ എന്നിവർ സംസാരിച്ചു.