ചിങ്ങം ഒന്നിന് നടക്കുന്ന കര്‍ഷക ദിനാചരണത്തിന്റെ മുന്നോടിയായി മലപ്പുറം ജില്ലയില്‍ പതിനായിരത്തോളം പുതിയ സ്ഥലങ്ങളില്‍ കൃഷിയിറക്കും.
സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പദ്ധതി നടപ്പാക്കുന്നത്.
ഓരോ വാര്‍ഡ് തലത്തില്‍ ആറ് സ്ഥലത്തെങ്കിലും പുതിയതായി കൃഷിയിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പ്രകാരം ആഗസ്റ്റ് 17ന് മുമ്ബായി ഓരോ വാര്‍ഡിലും പുതിയതായി കണ്ടെത്തുന്ന കൃഷിയിടങ്ങളില്‍ വിത്ത് വിതയ്ക്കലിന്റെയും നടീലിന്റെയും ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് കൃഷി വകുപ്പ്.
എല്ലാ കൃഷിഭവനുകളിലും അതത് തദ്ദേശ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തില്‍ കാര്‍ഷിക വികസന സമിതി, കര്‍ഷക സംഘടനകള്‍, കൃഷിക്കൂട്ടങ്ങള്‍, കുടുംബശ്രീ, ഹരിത കര്‍മസേന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ യോഗം ചേര്‍ന്നാണ് പുതിയ കൃഷിയിടങ്ങള്‍ കണ്ടെത്തുന്നത്. പച്ചക്കറി കൃഷിക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ കൃഷിയിടങ്ങള്‍ ഒരുക്കുന്നത്.
പരമ്പരാഗത കാര്‍ഷിക രീതികള്‍ക്ക് മുൻഗണന നല്‍കുന്നതോടൊപ്പം കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയും ഓരോ പ്രദേശത്തിന്റെ സാധ്യത അനുസരിച്ചുമാണ് ഏത് കൃഷി വേണമെന്നത് തീരുമാനിക്കുന്നത്. കൃഷി ഓഫീസര്‍മാരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. കൃഷിക്കൂട്ടങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തും.