മലപ്പുറം : താനൂര്‍ താമിര്‍ ജിഫ്രി കൊലപാതകത്തില്‍ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവിശ്യപ്പെട്ടു.
കസ്റ്റഡി കൊലപാതകത്തില്‍ മരണപ്പെട്ട താമിര്‍ ജിഫ്രിയുടെ വീട് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ പ്രതികളാകേണ്ടവര്‍ ഉന്നത സ്ഥാനത്ത് തുടര്‍ന്ന് കൊണ്ട് നീതിപൂര്‍വമായി അന്വേഷണം ഒരു നിലക്കും നടക്കുകയില്ല. കേസ് ദുര്‍ബലപ്പെടുത്താനാണ് SP ശ്രമിക്കുന്നത്. തങ്ങളുടെ മുമ്ബില്‍ എത്തുന്ന കേസുകളില്‍ വിധിപറയാനും ശിക്ഷനടപ്പാക്കാനുമുള്ള അധികാരം ആരാണ് പോലീസിന് നല്‍കിയത്. കഴിഞ്ഞ പിണറായി വിജയൻ സര്‍ക്കാര്‍ കസ്റ്റഡിയില്‍ കൊന്നുതള്ളിയത് 26 പേരെയാണ്. അതിന്റ തുടര്‍ച്ചയായി ജുഡീഷ്യറിയെ നോക്ക്കുത്തിയാക്കി പ്രതിയെ ഇടിച്ചു കൊല്ലുകയാണ് തിരൂരിലും ചെയ്തത്.
അറസ്റ്റ് ചെയ്തത് മുതല്‍ കൊലപാതകം വരെ പോലീസിന്റെ അമിതാധികാര പ്രയോഗത്തിന്റെ നിരവധി തെളിവുകള്‍ ഈ കേസിലും തെളിഞ്ഞു കാണാം. പ്രതിയെ പിടികൂടിയത് ഡാൻസാഫ് എന്ന എസ്.പിയുടെ ടീമായിരിക്കെ കേവലം എസ് ഐയെ പ്രതിയാക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താൻ എസ് പി ഇടപെട്ടുവെന്ന ആരോപണവും കേസ് ആട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്ന എസ്‌ഐയുടെ വെളിപ്പെടുത്തലും പോലീസിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നു.
മലപ്പുറം ജില്ലയില്‍ ചെറിയ സമരങ്ങളെ വരെ ഭീകരമായി ആക്രമിക്കുകയും അന്യായമായി കേസെടുക്കുകയും ചെയ്യുന്നുണ്ട്. മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യത്യസ്ത രീതിയിലുള്ള പോലീസ് അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ നടന്ന ക്രൂരമായ കസ്റ്റഡി കൊലപാതകവും പീഡനവും എസ്പിയുടെ മുൻകയ്യില്‍ തന്നെയാണ് നടന്നത് എന്ന് വ്യക്തമാകുന്നതിനാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ എസ്പിയെയും ആരോപണ വിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും ഉടൻ സസ്പെന്റ് ചെയ്യുകയെന്നത് പ്രാഥമികനീതിയും അന്വേഷണത്തിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയവുമാണെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താമീര്‍ ജിഫ്രിയുടെ സഹോദരനായ ഹാരിസ് ജിഫ്രി അടക്കമുള്ള കുടുംബാംഗങ്ങളെ അദ്ദേഹം സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു.ജില്ലാ കമ്മറ്റി അംഗങ്ങളായ നാസര്‍ വേങ്ങര, സെയ്തലവി കാട്ടേരി, കുഞ്ഞാലി മാസ്റ്റര്‍ വേങ്ങര, ഹംസ വെന്നിയൂര്‍, കെ വി ഹമീദ് മാസ്റ്റര്‍ പറപ്പൂര്‍, കോയ പരപ്പനങ്ങാടി എന്നിവര്‍കൂടെയുണ്ടായിരുന്നു.