തിരൂരങ്ങാടി: കുണ്ടൂർ അബ്ദുൽഖാദർ മുസ്‌ലിയാരുടെ 18ാ-മത് ഉറൂസ് മുബാറക്കിന് ബുധനാഴ്ച തുടക്കമാകും. വൈകീട്ട് 6.30-ന് ഉസ്താദിന്റെ കാവ്യലോകം നടക്കും. കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ്, നശീദ ആലാപനവും ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ. സുലൈമാൻ മുസ്‌ലിയാർ കൊടിയുയർത്തും.
മഖാം സിയാറത്തിന് സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ നേതൃത്വം നൽകും.
15-ന് ഉച്ചയ്ക്ക് രണ്ടിന് മൗലിദ് പാരായണം, വൈകുന്നേരം നാലിന് ശാദുലി റാത്തീബ്, രാത്രി ഏഴിന് ദിക്‌റ് മജ്‌ലിസ് എന്നിവ നടക്കും. രാത്രി എട്ടിന് അനുസ്മരണസമ്മേളനം ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്യും. സമാപന ദിവസമായ 17-ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സൗഹൃദസംഗമം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യും.
ഡോ. കെ.ടി. ജലീൽ. എം.എൽ.എ., ടി. സിദ്ദീഖ്. എം.എൽ.എ., അബൂബക്കർ സഖാഫി വെണ്ണക്കോട്, അഡ്വ. ശ്രീധരൻ നായർ, ഇ. ജയൻ, കീലത്ത് മുഹമ്മദ് എന്നിവർ പ്രസംഗിക്കും. വൈകുന്നേരം ഏഴിന് ഹുബ്ബുറസൂൽ സമ്മേളനം സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനംചെയ്യും.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തും. മന്ത്രി വി. അബ്ദുറഹ്‌മാൻ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂഹനീഫൽ ഫൈസി, നാസർ ഹാജി, അബൂബക്കർ അഹ്‌സനി, എൻ. ബാവ ഹാജി, ലത്തീഫ് ഹാജി കുണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു.