മലപ്പുറം : സംസ്ഥാനഭരണം തകർച്ചയിലാണെന്നും മന്ത്രിമാരെ മാറ്റിയതുകൊണ്ടുമാത്രം പ്രശ്നങ്ങൾ തീരില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. സർക്കാരിന് വരുമാനമുണ്ടാക്കാൻ കഴിയുന്നില്ല. അനാവശ്യചെലവുകൾ തുടരുന്നു. ക്ഷേമ, വികസന പദ്ധതികൾ മുടങ്ങിക്കിടക്കുകയോ ഇഴഞ്ഞുനീങ്ങുകയോ ആണ്. ഈ ഘട്ടത്തിൽ മുട്ടുശാന്തികൊണ്ടൊന്നും ഗുണമില്ല. പുതുപ്പള്ളിയിലെന്നപോലെ ജനം ശക്തമായി പ്രതികരിക്കും. മന്ത്രിസഭയിൽ അഴിച്ചുപണി നടന്നാലും ഒരു മാറ്റവും ഉണ്ടാകാൻപോകുന്നില്ല. കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നത് എൽ.ഡി.എഫിന്റെ ആഭ്യന്തരകാര്യമാണ്. അതിൽ പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സോളാർ കേസന്വേഷണം അടഞ്ഞ അധ്യായമാണ്. അത് ഉമ്മൻചാണ്ടിയെ അവഹേളിക്കാനായിരുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യമായി. സോളാർ കേസ് അടിസ്ഥാനരഹിതമാണെന്ന് സി.ബി.ഐ.യടക്കം വിലയിരുത്തിയതാണ്. ഗൂഢാലോചന മറ്റൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.