മലപ്പുറം: അയൽജില്ലയായ കോഴിക്കോട്ട് രണ്ട് നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. നിലവിലെ സമ്പർക്കപ്പട്ടികയിൽ ജില്ലയിൽനിന്നുള്ളവർ ഇല്ലെന്നാണ് വിവരം. വേണ്ട മുൻകരുതലുകളെടുക്കാൻ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
2018-ൽ മലപ്പുറത്ത് നിപ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർശന സുരക്ഷാനടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. 2021 സെപ്‌റ്റംബറിൽ കോഴിക്കോട് ജില്ലയിൽ 12 വയസ്സുള്ള കുട്ടി നിപ ബാധിച്ച് മരിച്ചപ്പോഴും മലപ്പുറത്ത് ജാഗ്രതാ നിർദേശമുണ്ടായിരുന്നു.
നിപയും ലക്ഷണങ്ങളും
തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപ വൈറസ്. തുടക്കത്തിൽ പനിയോടുകൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന തുടങ്ങിയവാണു ലക്ഷണങ്ങൾ.