മലപ്പുറം: ആശുപത്രി സന്ദര്‍ശനത്തിന് മലപ്പുറത്ത് എത്തിയ ആരോഗ്യമന്ത്രിക്ക് മുൻപില്‍ പരാതി പ്രളയം. അരിക്കോട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൂട്ട പരാതിയുമായി നാട്ടുകാര്‍ എത്തിയത്.
2013ലാണ് അരീക്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. 8 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ മാത്രമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. ഗൈനക്കോളജിയും അത്യാഹിത വിഭാഗവും പോലും ഇല്ലാതെയാണ് അരീക്കോട് താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി പരാതികള്‍ നല്‍കിയിട്ടും ഒരു മാറ്റവുമില്ല. ആരോഗ്യമന്ത്രി എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ കൂട്ടമായി നിവേദനവുമായി എത്തി.
പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ചില താലൂക്ക് ആശുപത്രികളെങ്കിലും ബോര്‍ഡില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഫയര്‍ എൻ.ഒ.സി ലഭികാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന സൗകര്യങ്ങള്‍ പുനരാരംഭിക്കാൻ ഉടൻ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേത് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ കുറവുകള്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടി ചേര്‍ത്തു. മലപ്പുറം ജില്ലയിലെ 11 ആശുപത്രികള്‍ മന്ത്രി സന്ദര്‍ശിച്ചു.