തിരൂരങ്ങാടി: ജല ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയെന്ന സന്ദേശത്തോടെ ആയിരം മീൻകുഞ്ഞുങ്ങളെ വിദ്യാർഥികൾ കടലുണ്ടിപ്പുഴയിൽ നിക്ഷേപിച്ചു.
ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മീൻകുഞ്ഞുങ്ങളെ പുഴയിൽ ഒഴുക്കിയത്. ‘നമ്മുടെ ജലാശയങ്ങളെ എങ്ങനെ സംരക്ഷിക്കാം’ എന്ന സന്ദേശത്തിൽ ബോധവത്കരണവും നടത്തി. കാർപ്പ് ഇനത്തിൽപ്പെട്ട രോഹു, കട്‌ല ഗ്രാസ് കാർപ് എന്നിവയുടെ ആയിരം കുഞ്ഞുങ്ങളെയാണ് വിദ്യാർഥികൾ പുഴയിൽ ഒഴുക്കിയത്.
കടലുണ്ടിപ്പുഴയിലെ ചെമ്മാട് പാറക്കടവിൽ നടന്ന ചടങ്ങ് ഫിഷറീസ് വകുപ്പ് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം. ഷഹിൻ ഷാ ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് ടി. ഗിരീഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് സി.പി. ഗുഹരാജ്, വി.എം. രാജീവൻ, രാജേഷ് കുനിയിൽ, ഫിഷറീസ് വകുപ്പ് പ്രമോട്ടർ പി.കെ. രാധിക, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ വി.ടി. ജിജി തുടങ്ങിയവർ പങ്കെടുത്തു.