മലപ്പുറം: പലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ യു.എൻ. ഇടപെട്ട് ക്രിയാത്മക പരിഹാരങ്ങളുണ്ടാക്കണമെന്നും പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. മഅദിൻ അക്കാദമി സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ‘ലൈറ്റ് ഓഫ് മദീന’ ആത്മീയസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പലസ്തീനിലെയും ഇസ്രയേലിലെയും നിരപരാധികൾ ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനും പാടില്ല. വർഷങ്ങളായി സ്വയം നിലനിൽപ്പിനുവേണ്ടി പൊരുതുന്ന പലസ്തീനികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ചരിത്രത്തോടുചെയ്യുന്ന കൊടുംക്രൂരതയാണ്. അഖ്സയുടെ മണ്ണിൽ സമാധാനം പുലരാനും അവർക്ക് സന്തോഷജീവിതം സാധ്യമാകാനും വിശ്വാസികൾ വെള്ളിയാഴ്ച ജുമുഅയ്ക്കുശേഷം പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കടലുണ്ടി സാദാത്തുക്കളുടെ പിതാവായ സയ്യിദ് അഹ്‌മദുൽ ബുഖാരിയുടെ ആണ്ടുനേർച്ച നടന്നു. അനുസ്മരണ പ്രഭാഷണം, മദ്ഹ് ഗീതങ്ങൾ, മൗലിദ് പാരായണം, വിർദുല്ലത്വീഫ്, അന്നദാനം തുടങ്ങിയവയും നടന്നു.
സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, സയ്യിദ് കെ.വി. തങ്ങൾ കരുവൻതിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്‌മദുൽ കബീർ അൽ ബുഖാരി, മുഹമ്മദ് ഫൈസിൽ എം.പി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാഖവി മേൽമുറി, അബ്ദുൽജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ പങ്കെടുത്തു.