മലപ്പുറം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പാണക്കാട് സന്ദർശിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. ഇന്നലെ രാവിലെ 9.30ഓടെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ ചാണ്ടി ഉമ്മനെ പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ബാസലി തങ്ങൾ, മുനവ്വറലി തങ്ങൾ എന്നിവർ ചേർന്നു സ്വീകരിച്ചു.
ഉമ്മൻചാണ്ടിയുടെ പേരിലുള്ള ചാരിറ്റി ട്രസ്റ്റിന് വേണ്ടി അൽഹിന്ദ് ചാരിറ്റി ഫൗണ്ടേഷൻ നൽകുന്ന ആംബുലൻസിന്റെ താക്കോൽദാനം പാണക്കാട്ടെ ചടങ്ങിൽ സാദിഖലി തങ്ങൾ നിർവഹിച്ചു. ഉമ്മൻ ചാണ്ടി മലപ്പുറത്ത് വരുമ്പോഴെല്ലാം പാണക്കാട് വരാറുണ്ടായിരുന്നെന്നും ഈ ഹൃദയബന്ധം മകനിലൂടെയും തുടരുന്നുവെന്നത് സന്തോഷകരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഉമ്മൻചാണ്ടി ചാരിറ്റി ട്രസ്റ്റിന് വേണ്ടിയുള്ള ആംബുലൻസ് പാണക്കാട് നിന്ന് സ്വീകരിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഒരു മണിക്കൂറോളം സമയം ഉമ്മൻചാണ്ടിയുടെ ഓർമ്മകളും സ്‌നേഹവും സൗഹൃദവും രാഷ്ട്രീയവും പങ്കുവച്ചാണ് ചാണ്ടി ഉമ്മൻ പാണക്കാട് നിന്ന് മടങ്ങിയത്. ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയി കൂടെയുണ്ടായിരുന്നു. എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, പി.ഉബൈദുള്ള എന്നിവർ സന്നിഹിതരായി.