ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി. സ്കൂളിൽ "എഴുതി തീർന്ന സമ്പാദ്യം" പദ്ധതിക്ക് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുവാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേക്ഷിക്കുന്നതിലൂടെ പ്രകൃതിയിൽ ഉണ്ടാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് "എഴുതി തീർന്ന സമ്പാദ്യം" എന്ന പേരിൽ എഴുതി ഉപയോഗം കഴിഞ്ഞതും പുനരുപയോഗിക്കാൻ സാധിക്കുന്നതുമായ പേനകൾ ശേഖരിച്ച് വീണ്ടും കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ക്രമീകരിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഉപയോഗിച്ച് മഷി തീർന്നതും മഷി തീരാതെ ഉപയോഗ യോഗ്യമല്ലാതായതുമായ പേനകൾ കുട്ടികൾ സ്കൂളിൽ സ്ഥാപിച്ച ബോക്സിൽ നിക്ഷേപിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുക. പിന്നീട് ഈ പേനകൾ വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ ഉപയോഗയോഗ്യമാക്കി ആവശ്യമായ വിദ്യാർത്ഥികൾക്ക് നൽകുന്നതാണ് ഈ പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ സി.അബ്ദുറഷീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻ്റ് ശിഹാബ് നിർവ്വഹിച്ചു. ചടങ്ങിൽ സക്കരിയ്യ മാസ്റ്റർ, ഖമറുന്നീസ ടീച്ചർ, രജിത്ര ടീച്ചർ, അബ്ദുറഷീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.