വേങ്ങര: കേരള പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും ചേർന്ന് നടപ്പാക്കുന്ന സ്കില്‍ ഷെയർ പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ജിഎം വിഎച്ച്എസ്എസ് വേങ്ങര ടൗൺ സ്കൂളിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ നിർവഹിച്ചു. വിഎച്ച്എസ്ഇ വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി നേടുന്ന നൈപുണികൾ പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി അവസരമൊരുക്കുക എന്നതാണ് സ്കിൽ ഷെയർ പദ്ധതിയുടെ ലക്ഷ്യം.
ജില്ലാതലത്തിൽ അവതരിപ്പിച്ച സ്കിൽ ഷെയർ പ്രൊജക്ടുകളിൽ മികച്ച അഞ്ചെണ്ണത്തിൽ ഒന്നായി തിരഞ്ഞെടുത്ത വേങ്ങര വിഎച്ച്എസ്ഇ യിലെ അസിസ്റ്റന്റ് ഡിസൈനർ ഫാഷൻ ഹോം ആൻഡ് മെയ്ഡ് അപ്പ് വിദ്യാർത്ഥികൾ നിർമ്മിച്ച പ്രോജക്ട് വിദ്യാർത്ഥികളായ ശ്രീലക്ഷ്മി. പി, ഫഹീമ. സി. ടി., ഫാത്തിമ ഹിബ, ശ്രീലക്ഷ്മി. കെ എന്നിവർ അവതരിപ്പിച്ചു. ഈ പ്രോജക്ടിലൂടെ വേങ്ങര, ഊരകം പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത 20 വനിതകൾക്ക് സ്കൂൾ വിശ്രമവേളകളിൽ അധ്യാപകരുടെ സഹായത്തോടുകൂടി സ്കൂൾ ലാബിൽ വെച്ച് തയ്യൽ, എംബ്രോയിഡറി ക്ലാസുകൾ നൽകിക്കൊണ്ട് അവർക്ക് സ്വന്തമായി ഒരു വരുമാനമാർഗ്ഗം നേടിക്കൊടുക്കുകയും അതുവഴി സ്ത്രീ ശാക്തീകരണം നടപ്പിലാക്കുകയുമാണ് ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി സമീറ പുളിക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.എ. കെ. സലിം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സി.പി. ഹസീന ബാനു, പിടിഎ പ്രസിഡണ്ട് ശ്രീ. എ. കെ.ഫൈസൽ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. പി.കെ. മമ്മദ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. ഷംസുദ്ദീൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീമതി. കെ.എം. സിന്ധു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ജബീർ പറവത്ത് നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ ശ്രീമതി ജസീന നാലകത്ത്, ശ്രീമതി. കെ. പി. ശ്രീജ, ശ്രീമതി. പി. സവിത, ശ്രീമതി ഷഹാന ജിനു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.