ഗൂഗിൾപേയിലും ഇനിമുതൽ അധിക ചാർജ് നൽകേണ്ടി വരും

ഒടുവിൽ ഗൂഗിൾ പേയും ഉപയോക്താക്കളിൽ നിന്ന് കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയിരിക്കുകയാണ്. പ്ലാറ്റ്‌ഫോമിലൂടെ മൊബൈൽ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നവരിൽ നിന്നാണ് ചെറിയൊരു ഫീസ് പിടിക്കുന്നത്. പേടിഎമ്മും (PayTM) ഫോൺപേയുമടങ്ങുന്ന (PhonePe) മറ്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഇതിനകം തന്നെ കൺവീനിയൻസ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, മൊബൈൽ റീചാർജ് ചെയ്യുമ്പോൾ അധിക നിരക്ക് പിടിക്കാത്തതിനാൽ പലരും ഗൂഗിൾപേയിലേക്ക് മാറിയിരുന്നു.

പ്രമുഖ ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് എക്സിലൂടെ (ട്വിറ്റർ) ഗൂഗിൾ പേയിലെ പുതിയ ‘കൺവീനിയൻസ് ഫീ’-യെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. 749 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ചെയ്തതോടെയാണ് അദ്ദേഹത്തിന് മൂന്ന് രൂപ ഫീസ് ഈടാക്കിയത്. തുടർന്ന് മറ്റുചില ഉപയോക്താക്കളും അധിക തുക ഈടാക്കിയതായി പരാതിപ്പെട്ട് രംഗത്തുവന്നു.

അതേസമയം, 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലുള്ള മൊബൈൽ പ്ലാനുകൾക്ക് ഗൂഗിൾപേ കൺവീനിയൻസ് ഫീസ് ഈടാക്കില്ലെന്ന് സൂചിപ്പിക്കുന്ന ഗൂഗിൾ പേയുടെ ഏറ്റവും പുതിയ മാറ്റത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും മുകുൾ ശർമ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

എന്തായാലും ഇനിമുതൽ 201 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിലും 301 രൂപയ്ക്ക് മുകളിലുള്ളതുമായ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നവർ യഥാക്രമം 2 രൂപ മുതൽ 3 രൂപ വരെ കൺവീനിയൻസ് ഫീസ് അടയ്ക്കേണ്ടി വന്നേക്കാം.

വൈദ്യുതി ബിൽ പേയ്‌മെന്റുകളും ഫാസ്‌ടാഗ് റീചാർജുകളും പോലുള്ള മറ്റ് ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കാത്തതിനാൽ, പുതിയ കൺവീനിയൻസ് ഫീസ് മൊബൈൽ റീചാർജുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഗൂഗിൾ ഔദ്യോഗികമായി പുതിയ കൺവീനിയൻസ് ഫീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ടെക് ഭീമൻ ഗൂഗിൾ പേയ്‌ക്കുള്ള സേവന നിബന്ധനകൾ നവംബർ 10-ന് അപ്‌ഡേറ്റ് ചെയ്‌തിരുന്നു, അതിൽ 'ഗൂഗിൾ ഫീസ്' എന്ന പുതിയ പദം അവതരിപ്പിച്ചിട്ടുണ്ട്, ഇത് കമ്പനി മൊബൈൽ റീചാർജിനുള്ള അധിക നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് സൂചന.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}