മലപ്പുറം: അന്താരാഷ്ട്ര നിയമങ്ങളെ പോലും ലംഘിച്ച് ഫലസ്തീനിൽ ഇസ്റായീൽ നടത്തുന്ന കൂട്ടക്കുരുതി എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഈ വിഷയത്തിൽ ലോക രാഷ്ട്രങ്ങൾ മൗനം വെടിയണമെന്നും എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിഷ്കളങ്കരായ ആയിരക്കണക്കിന് കുരുന്നുകൾ ഉൾപ്പെടെയുള്ള സിവിലിയൻമാരെ നിഷ്കരുണം കൊലപ്പെടുത്തുകയും പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് മുകളിൽ പോലും ബോംബ് വർഷം നടത്തുകയുമാണ് ഇസ്റായീൽ ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭപോലും കേവലം പ്രസ്താവനയിൽ ഒതുങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇതിനെതിരെ മാനവരാശി ഉണരണം.
മഅ്ദിൻ അക്കാദമിയിൽ നടന്ന എസ്.വൈ.എസ് എക്സിക്യൂട്ടീവ് ക്യാമ്പ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ ആർ.പി.ഹുസൈൻ, ഉമർ ഓങ്ങല്ലൂർ വിഷയാവതരണം നടത്തി.ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ,ടി.സിദ്ദീഖ് സഖാഫി,സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി,സയ്യിദ് മുർതള ശിഹാബ് സഖാഫി,സൈദ് മുഹമ്മദ് അസ്ഹരി, കെ.സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി.കെ മുഹമ്മദ് ശാഫി, സി.കെ.എം.ഫാറൂഖ്, പി.ടി.നജീബ്, എം.അബ്ദു റഹ്മാൻ എന്നിവര്‍ സംസാരിച്ചു.