മലപ്പുറം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ആർ.ജി.എസ്.എ. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഞായറാഴ്ച മെഗാ സൈക്കിൾ റാലി നടത്തുന്നു.
മാലിന്യനിർമാർജനം, ശുചിത്വപരിപാലനം, കാർബൺ ന്യൂട്രൽ മലപ്പുറം തുടങ്ങിയ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാനായി ജില്ലയിലെ ക്ലബ്ബുകളുമായി ചേർന്നാണ് റാലി നടത്തുന്നത്.
വിവിധ ബ്ലോക്കുകളിൽനിന്നാരംഭിച്ച് മലപ്പുറം കിഴക്കേത്തലയിൽ രാവിലെ പത്തിന് സമാപിക്കും. സമാപനസമ്മേളനം ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനംചെയ്യും. കോട്ടയ്ക്കൽ മുതൽ സമാപന സ്ഥലം വരെ ജില്ലാ കളക്ടർ വി.ആർ. വിനോദ്, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ എന്നിവർ റാലിയിൽ പങ്കെടുക്കും.
രാവിലെ 6.30-ന് നിലമ്പൂർ, ചന്തക്കുന്ന് ബസ്‌സ്റ്റാൻഡിൽനിന്നും ഏഴിന് ചെമ്മാട് ബസ് സ്റ്റാൻഡ്, അരീക്കോട് ബസ്‌സ്റ്റാൻഡ്, കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പരിസരം, തിരൂർ ബസ്‌സ്റ്റാൻഡ്, വണ്ടൂർ ടൗൺ എന്നിവിടങ്ങളിൽനിന്നും 7.30-ന് കൊണ്ടോട്ടി ബസ്‌സ്റ്റാൻഡ്, പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പരിസരത്തുനിന്നും എട്ടിന് മഞ്ചേരി പുതിയ സ്റ്റാൻഡ്, കോട്ടയ്ക്കൽ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നും ബ്ലോക്കടിസ്ഥാനത്തിലുള്ള റാലി തുടങ്ങും.