വേങ്ങര: എടരിക്കോട് പുഴച്ചാൽ-വേങ്ങര റോഡിൽ എടയാട്ടുപറമ്പിലെ വലിയ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തികൾ തുടങ്ങി.
കൊരുപ്പുകട്ടകൾ പാകുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. 80 മീറ്ററോളം ഭാഗത്താണ് പൂട്ടുകട്ടയിടുന്നത്. പൊതുമരാമത്തുവകുപ്പ് രണ്ടുഘട്ടങ്ങളിലായി അരക്കോടി രൂപയാണ് പദ്ധതിക്കുവേണ്ടി അനുവദിച്ചത്.
തറയിട്ടാൽ മുതലുള്ള രണ്ടുകിലോമീറ്റർ ദൂരത്തിൽ മഴവെള്ളം ഒഴുകിവന്ന് കെട്ടിനിന്നിരുന്നത് ഈ ഭാഗത്താണ്. ചെറിയ മഴപെയ്താൽതന്നെ ഇതുവഴിയുള്ള യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു. ഈ ഭാഗം കഴിഞ്ഞാലുള്ള ചെറിയ കയറ്റവും റോഡിനടിയിലെ നിരവധി കുടിവെള്ളപദ്ധതികളുടെ പൈപ്പ്‌ലൈനുകളും പദ്ധതി ആസൂത്രണത്തിന് ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു. ഈ ഭാഗത്തുനിന്ന് താഴ്ചയുള്ള ഭാഗംവരെ 400 മീറ്ററോളം ഭാഗം ആഴമേറിയ അഴുക്കുചാൽ നിർമിച്ച് സ്ലാബിട്ട് വെള്ളം ഒഴിവാക്കുന്ന പദ്ധതിയാണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചിരുന്നത്. ഇതിനായി പൊതുമരാമത്തുവകുപ്പ് 25 ലക്ഷമാണ് ചെലവഴിച്ചത്.
രണ്ടാംഘട്ടത്തിൽ 5.70 മീറ്റർ വീതിയിൽ 80 മീറ്ററോളം നീളത്തിൽ മണ്ണിട്ട് ലെവൽ ചെയ്തശേഷം കൊരുപ്പുകട്ട പാകിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ഇതിനായി 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരാഴ്ചകൊണ്ട് പണി പൂർത്തീകരിച്ച് റോഡ് തുറന്നുകൊടുക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.