കോട്ടയ്ക്കൽ: മലപ്പുറം റവന്യൂജില്ലാ കലോത്സവത്തിന് കോട്ടയ്ക്കലിൽ എത്തിച്ചേരുന്ന പതിനായിരത്തിലേറെ വരുന്ന മത്സരാർഥികളുടെ ആരോഗ്യ - ശുചിത്വ പരിപാലനത്തിനായുള്ള വെൽഫെയർ കമ്മിറ്റി പൂർണസജ്ജമായി. പ്രധാനവേദിക്കു സമീപത്തായി ഒരുക്കിയ വെൽഫെയർ സെന്ററിൽ മേള നടക്കുന്ന ദിവസങ്ങളിൽ മുഴുവൻ സമയവും മെഡിക്കൽടീമിന്റെ സേവനം ലഭ്യമാവും. കോട്ടയ്ക്കൽ ഗവ. ആശുപത്രി, അൽമാസ് ഹോസ്പിറ്റൽ, ആര്യവൈദ്യശാല ആശുപത്രി, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നീ ആതുരാലയങ്ങളിലെ മെഡിക്കൽ സംഘം ഇവിടെയുണ്ടാകും. ആംബുലൻസ് സൗകര്യവുമുണ്ട്.
അഗ്‌നിരക്ഷാസേനയുടെ പ്രത്യേക യൂണിറ്റും പ്രവർത്തനസജ്ജമായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജലസംഭരണികൾ അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി. ശൗചാലയങ്ങളുടെ വൃത്തി ഉറപ്പാക്കുന്നതിനായി പ്രത്യേക ജീവനക്കാരും പ്രവർത്തിക്കും. എല്ലാ വേദികൾക്കു സമീപവും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. വൈകീട്ട് പൂർവവിദ്യാർഥി കൂട്ടായ്മയുടെയും ഗാന്ധിനഗർ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ സൗജന്യ ചുക്കുകാപ്പി വിതരണവും നടക്കുമെന്ന് വെൽഫെയർ കമ്മിറ്റി കൺവീനർ കെ. ശ്രീകാന്ത് പറഞ്ഞു.
വെൽഫെയർ ഓഫീസ് നിയുക്ത നഗരസഭാധ്യക്ഷ ഡോ. ഹനീഷ ഉദ്ഘാടനംചെയ്തു. മലപ്പുറം ഡി.ഡി.ഇ. കെ.പി. രമേഷ് കുമാർ, പ്രിൻസിപ്പൽ പി.ആർ. സുജാത തുടങ്ങിയവർ പങ്കെടുത്തു.പ്രോഗ്രാം നോട്ടീസ് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പ്രകാശനംചെയ്തു. കലോത്സവ സുവനീർ 'വേദിക-23' സ്ഥിരംസമിതി അധ്യക്ഷ ആലിപ്പറ്റ ജമീല പ്രകാശനംചെയ്തു. ലൈറ്റ് ആൻഡ് സൗണ്ട് സ്വിച്ച് ഓൺ ഡോ. ഹനീഷ നിർവഹിച്ചു.