വേങ്ങര നിയോജകമണ്ഡലത്തിൽ അഗ്നിരക്ഷാനിലയത്തിന് സ്ഥലമായി

വേങ്ങര: വേങ്ങര നിയോജകമണ്ഡലത്തിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിനുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി സർവേ നടപടികൾ പൂർത്തീകരിച്ചു. ദേശീയപാതയ്ക്കു സമീപം കൊളപ്പുറം ഗവ. ഹൈസ്‌കൂളിനു മുൻവശത്തെ 40 സെന്റ് റവന്യൂ ഭൂമിയാണ് അളന്നു തിട്ടപ്പെടുത്തിയത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യുടെ ആവശ്യപ്രകാരം വേങ്ങര മണ്ഡലത്തിൽ അഗ്നിരക്ഷാ യൂണിറ്റ് സ്ഥാപിക്കാൻ 2016 ഫെബ്രുവരിയിൽ എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള കുന്നുംപുറം കുടുംബാരോഗ്യകേന്ദ്രത്തിന്റെ സ്ഥലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് ഉത്തരവായിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനാലും ആരോഗ്യകേന്ദ്രത്തിന്റെ വികസനം കണക്കിലെടുത്തും ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് എം.എൽ.എ. ആയിരുന്ന കെ.എൻ.എ. ഖാദറും അഗ്നിരക്ഷാ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമം തുടർന്നെങ്കിലും സ്ഥലം ലഭിച്ചില്ല.

ഒടുവിലാണ് അരീക്കോട്-പരപ്പനങ്ങാടി സംസ്ഥാനപാതയ്ക്കരികെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 40 സെന്റോളം ഭൂമിയുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ അഗ്നിരക്ഷാ യൂണിറ്റ് സ്ഥാപിക്കുകയാണെങ്കിൽ പ്രധാന കേന്ദ്രങ്ങളായ വേങ്ങര, കോട്ടയ്ക്കൽ, തിരൂരങ്ങാടി, കാലിക്കറ്റ് സർവകലാശാല, കൊണ്ടോട്ടി, കോഴിക്കോട് വിമാനത്താവളം തുടങ്ങിയ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാകും. ഇവിടങ്ങളിൽ അടിക്കാടുകൾക്കും പുൽത്തകിടികൾക്കും തീപിടിക്കുമ്പോഴും തൊഴിലാളികൾ അപകടത്തിൽപ്പെടുമ്പോഴും ദേശീയപാതയിൽ അപകടങ്ങളുണ്ടാകുമ്പോഴും കിലോമീറ്ററുകൾക്കപ്പുറമുള്ള താനൂരിൽനിന്നോ മലപ്പുറത്തുനിന്നോ അഗ്നിരക്ഷായൂണിറ്റെത്തിവേണം രക്ഷാപ്രവർത്തനം നടത്താൻ. കൊളപ്പുറം സ്കൂളിനു സമീപം യൂണിറ്റ് വരുന്നതോടെ ഇതിനൊരു പരിഹാരമാവും.

വില്ലേജ് ഓഫീസർ വി.പി. ജഗജീവൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എ. പ്രദീപ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ. സുരേഷ്, പി. പ്രദീപ്, എ.ഇ. സിദ്ദീഖ് ഇസ്മായിൽ, താലൂക്ക് സർവേയർ കെ. ഫവാസ് മനോജ്, പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി, വാർഡംഗം ഷൈലജ പുനത്തിൽ, കെ.ടി. അഷ്‌റഫ്, നാസർ മലയിൽ, സി. ബാബുരാജൻ തുടങ്ങിയവർ സർവേക്ക് എത്തിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}