അന്നഹ്ദ എക്സിബിഷന്‍ ആരംഭിച്ചു

കോട്ടക്കല്‍: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ അറബിക് പ്രസിദ്ധീകരണമായ അന്നഹ്ദ മാഗസിന്‍ ഒരുക്കുന്ന എക്സിബിഷന് തുടക്കമായി. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‍ലാമിക് കോളേജില്‍ വെച്ച് നടക്കുന്ന എക്സപോ സി.എച്ച്. മുഹമ്മദ് കുഞ്ഞീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു.
പ്രസാധന രംഗത്ത് 17 വര്‍ഷം പിന്നിടുന്ന അന്നഹ്ദ മാഗസിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തുന്നതാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന എക്സിബിഷന്‍. കേരളവും അറബി ഭാഷയും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ സമ്പന്നമായ ചരിത്രത്തെ പ്രദര്‍ശനം ഓര്‍മപ്പെടുത്തുന്നു. ഇതിനോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. 
2006 ആഗസ്തില്‍ പ്രസാധനമാരംഭിച്ച അന്നഹ്ദ ഇന്ത്യയില്‍ തന്നെ ഏറെ ശ്രദ്ധനേടിയ അറബി മാഗസിനാണ്. ഇത്രയും സുദീര്‍ഘമായ ഒരു കാലം മുടങ്ങാതെ പ്രസാധനം തുടരുന്ന കേരളത്തിലെ ഏക അറബി പ്രസിദ്ധീകരണമാണ് അന്നഹ്ദ. മതം, രാഷ്ട്രീയം, സംസ്കാരം, സാഹിത്യം തുടങ്ങി വൈവിധ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അന്നഹ്ദക്ക് കേരളത്തിനകത്തും പുറത്തുമായി ധാരാളം വായനക്കാരുണ്ട്. അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്ത്ഥികള്‍, ഭാഷാസ്നേഹികള്‍ തുടങ്ങി വിവിധ തുറകളിലുള്ള ആളുകള്‍ അന്നഹ്ദയുടെ അനുവാചകവൃന്ദത്തില്‍ പെടുന്നു. പുറമെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ സജീവ സാന്നിധ്യം വഴി അറബ് ലോകത്തെ വായനക്കാരിലേക്കും ഇറങ്ങിച്ചെല്ലാന്‍ അന്നഹ്ദക്ക് സാധിച്ചിട്ടുണ്ട്.
നിരവധി അറബി എഴുത്തുകാരെ കേരളത്തില്‍ നിന്ന് സംഭാവന ചെയ്യാനും അന്നഹ്ദ മാഗസിന്‍ നിമിത്തമായിട്ടുണ്ട്. അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തില്‍ അറബ് സമൂഹത്തിനു മുമ്പില്‍ കേരളത്തിന് മുന്നോട്ടുവെക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് മാഗസിനെന്ന് സബീലുല്‍ ഹിദായ പ്രിന്‍സിപ്പാള്‍ മീറാന്‍ ദാരിമി കാവനൂര്‍ അഭിപ്രായപ്പെട്ടു. അറബ് ദേശവുമായുള്ള കേരളക്കരയുടെ സാംസ്കാരിക ബന്ധത്തെ സജീവമാക്കി നിര്‍ത്തുന്നതില്‍ അന്നഹ്ദ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് മാഗസിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചെയ്യുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 
എക്സിബിഷന്‍ ഉദ്ഘാടന ചടങ്ങില്‍ സബീലുല്‍ ഹിദായ സെക്രട്ടറി ടി. അബ്ദുല്‍ ഹഖ്, റൈഫ ഇബ്റാഹീം കുട്ടി ഹാജി, ടി. മുഹമ്മദ് കുട്ടി മാസ്റ്റര്‍, ടി.കെ. അഹ്‍മദ് ഹാജി, ടി. അബ്ദുറശീദ് മാസ്റ്റര്‍, കെ. ശറഫുദ്ദീന്‍ ഹുദവി, വി. മുസ്തഫ ഹുദവി, ഡോ. ശരീഫ് ഹുദവി, ഡോ. മുനീര്‍ ഹുദവി, സിബ്ഗതുല്ല ഹുദവി, കെ. നിസാറലി ബാഖവി, മുശറഫ് മക്കരപ്പറമ്പ്, ഫാസില്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
വൈകിട്ട് നടന്ന പാനല്‍ ഡിസ്കഷനില്‍ അബ്ദുല്ല അമാനത്ത്, ഡോ. കെ.ടി അബ്ദുല്‍ ഗഫൂര്‍, ഡോ. അന്‍വര്‍ ശാഫി, ഡോ. സൈനുല്‍ ആബിദീന്‍ എന്നിവര്‍ സംബന്ധിച്ചു. എക്സിബിഷന്‍ ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}