എ.ആർ.നഗർ: എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തിലെ എല്ലാവർക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി വീണ്ടും തടസ്സപ്പെടുന്നു. ആരോഗ്യവകുപ്പ് ജലസേജനവകുപ്പിന് കൈമാറിയ സ്ഥലത്ത് നിർമിക്കുന്ന ജലശുദ്ധീകരണ ശാലയുടെ പ്രവൃത്തിയാണ് വീണ്ടും തടസ്സപ്പെട്ടത്.
ഇവിടെ നിർമിക്കാനുദ്ദേശിക്കുന്ന ശുദ്ധീകരണശാലയുടെ പ്ലാൻ അനുവദിച്ച സ്ഥലത്തിന് അനുയോജ്യമല്ല എന്ന കാരണത്താലാണ് പണി തടസ്സപ്പെട്ടത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യുടെ ശ്രമഫലമായി 2013-ൽ തുടങ്ങിയതാണ് പദ്ധതി.
ഇതിനായി കടലുണ്ടിപ്പുഴയിൽ എരഞ്ഞിപ്പിലാക്കൽ കടവിൽ കിണറും പമ്പ്ഹൗസും കുന്നുംപുറം കുടുംബാരോഗ്യകേന്ദ്രത്തിന്റെ സ്ഥലത്ത് ജലശുദ്ധീകരണശാലയും ജലസംഭരണിയും സ്ഥാപിക്കുക എന്നതായിരുന്നു ആദ്യഘട്ടം.
ഇതിന്റെ ഭാഗമായി എരഞ്ഞിപ്പിലാക്കലിൽ കിണറും പമ്പ് ഹൗസും സ്ഥാപിച്ചു. എന്നാൽ ആരോഗ്യവകുപ്പിന്റെ അനുമതിലഭിക്കാഞ്ഞതിനാൽ ജലശുദ്ധീകരണശാലയുടെ നിർമാണം തുടങ്ങിയ ഉടനെ നിർത്തിവെക്കേണ്ടിവന്നു. ഇതോടെ കുന്നുംപുറം ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടപണിയും നിലച്ചു.
പിന്നീട് കെ.എൻ.എ. ഖാദറുടെ ശ്രമഫലമായി ആരോഗ്യവകുപ്പിന്റെ അനുമതി നേടിയശേഷം പണിതുടങ്ങാൻ ആലോചിച്ചപ്പോഴേക്കും ആദ്യം അനുവദിച്ച ഫണ്ട് തികയാതായി. പദ്ധതി നടപ്പാക്കേണ്ട കാലാവധിയും കഴിഞ്ഞു. പിന്നീട് പുതിയ അടങ്കൽ തയ്യാറാക്കി കിഫ്ബിയിൽ പദ്ധതി സമർപ്പിച്ചു. അതും ലഭ്യമായില്ല. അവസാനം ജൽജീവൻ പദ്ധതിയിൽ 50.70 കോടിയുടെ പുതിയ അടങ്കൽ സമർപ്പിക്കുകയും പദ്ധതിക്കാവശ്യമായ തുക അനുവദിക്കുകയുംചെയ്തു. പൈപ്പിടൽ പുരോഗമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞതവണ തടസ്സപ്പെട്ട കുന്നുംപുറം കുടുംബാരോഗ്യത്തിന്റെ സ്ഥലത്ത് തുടങ്ങേണ്ട ജലശുദ്ധീകരണ ശാലയുടെ നിർമാണം ഇതുവരെ തുടങ്ങാനായിട്ടില്ല.
ജലശുദ്ധദ്ധീകരണ ശാലയുടെ പ്രവൃത്തി തുടങ്ങാനായി പണി ഏറ്റെടുത്ത കരാറുകാരൻ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നിലമൊരുക്കാൻ തുടങ്ങിയെങ്കിലും വകുപ്പുതല അനുമതിലഭിക്കാത്തതിനാൽ പണി നിർത്തിവെക്കേണ്ടിവന്നു.
എന്നാൽ എസ്റ്റിമേറ്റിലെ സ്കെച്ചിലുണ്ടായ ചെറിയൊരു സാങ്കേതികപ്രശ്നമാണ് തടസ്സത്തിന് കാരണമെന്നും ഇതുപരിഹരിക്കാനായുള്ള ഫയലുകൾ തിരുവനന്തപുരത്തുനിന്ന് ഉടൻ തീർപ്പാക്കുമെന്നും പ്രശ്നം പരിഹരിച്ച് ജലശുദ്ധീകരണശാലയുടെ പണി ഉടനെ തുടങ്ങുമെന്നും വേങ്ങര എം.എൽ.എ. ഓഫീസിൽനിന്ന് അറിയിച്ചു.