ലോക്‌സഭ: ഉത്തരേന്ത്യയിലും മത്സരിക്കാനൊരുങ്ങി ലീഗ്

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനത്തുകൂടി മത്സരിക്കാനുള്ള സാധ്യത മുസ്‌ലിം ലീഗ് പരിശോധിക്കുന്നു. നിലവിൽ കേരളത്തിലും (രണ്ടു സീറ്റ്) തമിഴ്‌നാട്ടിലുമാണ്‌ (ഒരു സീറ്റ്) മത്സരിക്കുന്നത്. ഇതിനുപുറമേ മറ്റേതെങ്കിലും സംസ്ഥാനത്തുകൂടി മത്സരിക്കണമെന്ന് നേരത്തേ ആലോചനയുണ്ടായിരുന്നു.

വെള്ളിയാഴ്ച മലപ്പുറത്തുചേർന്ന ദേശീയ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ഉത്തരേന്ത്യയിൽ മത്സരിക്കാനുള്ള സാഹചര്യമുണ്ടെന്നും അഭിപ്രായമുയർന്നു. നേരത്തേ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാമതൊരു സംസ്ഥാനത്തുകൂടി മത്സരിക്കാനുള്ള സാധ്യത പരിശോധിക്കുന്നത്.

കേരളത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ യോഗം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധികാരപ്പെടുത്തി. തമിഴ്‌നാട്ടിൽ ഡി.എം.കെ. മുന്നണിയുടെ ഭാഗമായി ഇക്കുറിയും മത്സരിക്കും. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനാണ് സ്ഥാനാർഥിനിർണയച്ചുമതല.

കേരളത്തിൽ എത്രസീറ്റിൽ മത്സരിക്കുമെന്ന് പറയാനായിട്ടില്ലെന്ന് യോഗശേഷം ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. മൂന്നാംസീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ലീഗിനെ മൂന്ന് സീറ്റിലും ഒതുക്കേണ്ടതില്ലെന്നും മുന്നണിയുടെ ഭാഗമാകുമ്പോൾ ചർച്ചകളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.

ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താൻവേണ്ട നടപടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും മതേതര ഇന്ത്യയുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു. ദേശീയതലത്തിൽ പാർട്ടി അംഗത്വകാമ്പയിൻ പൂർത്തിയായി. 15 ദിവസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റി വരും.

ദേശീയ ആസ്ഥാനമന്ദിരമായ ഖാഇദെ മില്ലത്ത് സെന്റർ ഏറെ വൈകാതെ പ്രവർത്തനസജ്ജമാക്കും. രജിസ്‌ട്രേഷൻ സംബന്ധിച്ച നടപടികൾ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. കൺവീനറായ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.

തുടർന്ന് സോഫ്റ്റ് ലോഞ്ചിങ് നടക്കും. അടുത്ത ദേശീയകമ്മിറ്റി യോഗം ഖാഇദെ മില്ലത്ത് സെന്ററിൽതന്നെ ചേരാനാണ് ശ്രമം. സൗന്ദര്യവത്കരണം ഉൾപ്പെടെ മുഴുവൻ പ്രവൃത്തികളും കഴിഞ്ഞശേഷമാകും സമ്പൂർണ ഉദ്ഘാടനം.

അയോധ്യ രാമക്ഷേത്രത്തെ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. എല്ലാ മതേതര പാർട്ടികളും ഈ രാഷ്ട്രീയ മുതലെടുപ്പിന്‌ എതിരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ യോഗം ഉദ്ഘാടനംചെയ്തു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി., ട്രഷറർ പി.വി. അബ്ദുൽവഹാബ് എം.പി., ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., ദേശീയ വൈസ് പ്രസിഡന്റ് ദസ്തഗീർ ആഗ, ദേശീയ സെക്രട്ടറിമാരായ ഖുംറം അനീസ് ഉമർ, സിറാജ് ഇബ്രാഹിം സേട്ട്, കേരള ജനറൽസെക്രട്ടറി പി.എം.എ. സലാം, തമിഴ്‌നാട് ജനറൽസെക്രട്ടറി കെ.എം. അബൂബക്കർ, ദേശീയ സെക്രട്ടറി സി.കെ. സുബൈർ, എം.പി. മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽസെക്രട്ടറി അഡ്വ. ഫൈസൽബാബു, ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്‌റഫലി, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് വി.പി. അഹമ്മദ് ഷാജു തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}