കൊളപ്പുറം: അരീക്കോട്-പരപ്പനങ്ങാടി സംസ്ഥാനപാത കുറുകെ മുറിച്ച് ദേശീയപാത പുനർനിർമിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി പരിശോധിക്കാൻ ഡെപ്യൂട്ടികളക്ടർ കെ.എസ്. ബിന്ദുമോളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. കൊളപ്പുറത്തെ യാത്രാപ്രശ്‌നം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടികളക്ടർ അറിയിച്ചു.
കളക്ടറുടെ നിർദേശപ്രകാരമായിരുന്നു സന്ദർശനം. സംസ്ഥാനപാതയിലൂടെയുള്ള യാത്രയ്ക്ക് യാതൊരുസംവിധാനവും ഒരുക്കാതെയാണ് ദേശീയപാതയുടെ പുർനിർമാണമെന്നതാണ് പൊതുവേയുള്ള പരാതി. ഗതാഗത തടസ്സമുണ്ടാകാത്തവിധം പാത കടന്നുപോകേണ്ട സ്ഥലത്ത് നിർമിക്കേണ്ട മേൽപ്പാലം 200 മീറ്ററോളം മാറി നിർമിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണം. ദേശീയപാതനിർമാണം തുടങ്ങിയപ്പോൾതന്നെ ജനങ്ങൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും റോഡ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുകയും ചെയ്തിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യും ജില്ലാകളക്ടറും സ്ഥലം സന്ദർശിക്കുകയും കാര്യം ബോധ്യപ്പെട്ടതിനാൽ അനുകൂല നിലപാടെടുക്കുകയും ദേശീയപാതാ അധികൃതരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെ പണി തുടർന്നതിനാൽ സമരസമിതി കേസ് കൊടുത്തിട്ടുമുണ്ട്. പ്രശ്നം ചർച്ചചെയ്യാൻ 17-ന് പ്രോജക്ട് ഡയറക്ടറുൾപ്പെടെയുള്ളവരുടെ യോഗം നേരത്തേ വിളിച്ചിട്ടുണ്ട്. ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്റഫ്, ജെ.എസ്. ഗീത, എൻ.എച്ച്. ഇ.ഇ. അനിതകുമാരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സമരസമിതി ഭാരവാഹികളായ നാസർ മലയിൽ, മുസ്തഫ പുള്ളിശ്ശേരി എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
രണ്ടാഴ്ചയ്ക്കുകൂടി താത്കാലിക സ്റ്റേ
കൊളപ്പുറം : കൊളപ്പുറത്തെ ദേശീയപാതാ പുനർനിർമാണം രണ്ടാഴ്ചത്തേക്കുകൂടി താത്കാലികമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. സംയുക്ത സമരസമിതി സമർപ്പിച്ച പരാതിയാണ് കോടതി ഉത്തരവ്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബുദ്ധിമുട്ടിലാക്കുന്നരീതിയിൽ തുടരുന്ന പണികൾക്കെതിരേയാണ് സമരസമിതി കോടതിയെ സമീപിച്ചത്.
കൊളപ്പുറം പാലംമുതൽ പാടംവരെയുള്ള പണി നിർത്തിവെക്കാനാണ് ഉത്തരവ്.
അരീക്കോട്-പരപ്പങ്ങാടി സംസ്ഥാന പാതയിലൂടെയുള്ള ജനങ്ങളുടെ യാത്രയ്ക്ക് സൗകര്യമൊരുക്കിയതെങ്ങിനെയെന്ന് ദേശീയപാതാ അധികൃതർ കോടതിയെ ബോധ്യപ്പെടുത്താത്തതിനാലാണ് സ്റ്റേവീണ്ടും നീട്ടിയത്.