മലപ്പുറം: കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ ചരിത്രം കുടുംബശ്രീക്ക് മുൻപും ശേഷവുമെന്ന് കാലം രേഖപ്പെടുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്. 'കുടുംബശ്രീ' ബ്രാന്റഡ് ഉത്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ട് മലപ്പുറം ജില്ലയിൽ 25 വർഷം മുൻപ് തുടക്കമിട്ട പദ്ധതി ഇന്ന് സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. സ്ത്രീകളുടെ ജീവിതനിലവാരത്തിന്റെ അളവുകോലാണ് കുടുംബശ്രീ. ആളുകളുടെ വിശ്വാസവും 46 ലക്ഷത്തോളം വരുന്ന മനുഷ്യവിഭവശേഷിയുമാണ് അതിന്റെ പിൻബലമെന്നും മന്ത്രി പറഞ്ഞു.
പി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷതവഹിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് പദ്ധതി വിശദീകരിച്ചു.
ജില്ലാകളക്ടർ വി. ആർ. വിനോദ് മുഖ്യാതിഥിയായി. കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത്, വാർഡംഗം കെ.എൻ. ഷാനവാസ്, ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ, സി.ഡി.എസ്. ചെയർപേഴ്‌സൺ ഷബ്‌ന റാഫി, വി. ബിന്ദു, ഡോ. എസ്. കവിത, പ്രശാന്ത് ബാബു, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.