മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് ഉയർത്തി. 10 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന കേന്ദ്രങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്. ചുരുങ്ങിയ നിരക്ക് 20 രൂപയാക്കി ഉയർത്തി. കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജ്, മലപ്പുറം കോട്ടക്കുന്ന്, പടിഞ്ഞാറെക്കര കടപ്പുറം, കുറ്റിപ്പുറം നിളാതീരം തുടങ്ങിയ കേന്ദ്രങ്ങളുടെ നിരക്കാണ് ഉയർത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജിന്റെ അവസ്ഥ ശോചനീയമാണ്. ഉദ്യാനത്തിലെ പകുതിയിലേറെ ഭാഗവും ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്.
കുട്ടികൾക്കുള്ള 10 റൈഡുകളും തകരാറായിട്ട് രണ്ടു വർഷമായി. ഒറ്റയടിക്ക് ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി ഉയർത്തിയതിലും പ്രതിഷേധമുണ്ട്. തുരുമ്പു പിടിച്ചു കിടക്കുന്ന കുട്ടികളുടെ ഉദ്യാനത്തിന്റെ അറ്റകുറ്റപ്പണിക്ക് ഫണ്ട് ലഭ്യമാക്കണമെന്നും ഒലിപ്പുഴ ചിറയിൽ അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്ത് പെഡൽ ബോട്ട് സംവിധാനം പുനഃസ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.