വേങ്ങര: പഠനത്തോടൊപ്പം പഠ്യേതര വിഷയത്തിലും മികവ് പുലർത്തിയ ഉസ്താദിനെ ആദരിച്ചു. മദ്റസാ പുസ്തകത്തിൽ ജോലി, കൃഷി എന്നിവയെ പറ്റി പറയുന്ന പാഠഭാഗത്തെ ആസ്പദമാക്കി മദ്റസാ പരിസരത്ത് വിദ്യാർത്ഥികളുടെയും നാട്ടുകാരുടേയും സഹകരണത്തോടെ കൃഷിയിറക്കി നൂറ്‌മേനി വിളവെടുത്തിരുന്നു. പഠന ഭാഗത്തിൽന്റെ ഭാഗമായി മറ്റു വ്യത്യസ്തമായ പ്രവർത്തനങ്ങളും ഒരുക്കിയിരുന്നു. മഞ്ചേരി കുട്ടശ്ശേരി സ്വദേശിയായ ഹസൻ ദാരിമിയേയാണ് എ ആർ നഗർ റൈഞ്ച് കമ്മറ്റി ആദരിച്ചത്.
വേങ്ങര കണ്ണമംഗലം തടത്തിൽ പുറായ മമ്പഉൽ ഉലൂം മദ്റസയിലേ സ്വദർ മുഅല്ലിമും മഹല്ല് ഖത്തീബുമാണ് ദാരിമി. കോവിഡ് സമയത്ത് എല്ലാം അടഞ്ഞുകിടന്നപ്പോൾ "പള്ളിയിൽ പറയാം" എന്ന ശീർഷകത്തിൽ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
റൈഞ്ചിന്റെ ആദരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ കൈമാറി. ജംഇയ്യത്തുൽ മുഅല്ലിമീൻ ഈസ്റ്റ്ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ്തങ്ങൾ ആശംസ നേർന്നു. റൈഞ്ച് ജനറൽ സെക്രട്ടറി പൂക്കോയ തങ്ങൾ മേമാട്ടുപാറ അധ്യക്ഷനായി.
ഭാരവാഹികളായ ഇബ്റാഹീം ഹാജി പുള്ളാട്ട്, കുഞ്ഞിമൊയ്തീൻകുട്ടി കാമ്പറൻ, പാമങ്ങാടൻ മുഹമ്മദ്, ബാവഹാജി കോങ്ങോട്, ഷാജഹാൻ മടാമാട്ടിൽ എന്നിവർ പങ്കെടുത്തു.