മലപ്പുറം: കേരളത്തിൽ ഉർദു ഭാഷാ പ്രചാരണത്തിനും പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള ഉർദു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഏക അംഗീകൃത സർവ്വിസ് സംഘടനയാണ് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ. 1974 ൽ രൂപം കൊണ്ട് പ്രവർത്തനമാരംഭിച്ച കെ.യു.ടി.എ ക്ക് ഇന്ന് അമ്പത് തികയുകയാണ്. ചരിത്രപരമായ നിരവധി അവകാശങ്ങൾ നേടിയെടുത്തും കേരളത്തിൽ ഉർദു ഭാഷയെ പ്രചരിപ്പിച്ചും മുന്നോട്ട് ഗമിക്കുന്ന സംഘടനയുടെ ഗോൾഡൻ ജൂബിലിയും 28-ാമത് സംസ്ഥാന സമ്മേളവും ഇന്ന് മുതൽ മലപ്പുറത്ത് എസ്.എം. സർവ്വർ സാഹിബ് നഗറിൽ വെച്ച് തുടക്കം കുറിക്കുകയാണ്.
14 ന് രാവിലെ 10 മണിക്ക് നടക്കുന്ന സർവ്വർ സെമിനാറും തലമുറ സംഗമവും ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.എ മജീദ് എം.എൽ.എ സർവ്വർ അനുസ്മരണ പ്രഭാഷണം നടത്തും . ഉച്ചക്ക് 2.30 ന് നടക്കുന്ന ഗസൽ വിരുന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗസൽ ഗായിക ഇഷ്റത്ത് സബയും സംഘവും ഗസൽ അവതരിപ്പിക്കും. വൈകിട്ട് 6.30 ന് നടക്കുന്ന വാർഷിക കൗൺസിൽ കെ.യു ടി. എ മുൻ സംസ്ഥാന ട്രഷറർ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും.
15 ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എൽ എ മുഖ്യാതിഥിയായിരിക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ അവാർഡുകൾ വിതരണം ചെയ്യും. 11.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഉർദു കവി അസീസ് ബൽഗാമി " ഉർദു ദേശീദ്ഗ്രഥനത്തിന്റെ ഭാഷ " എന്ന വിഷയത്തിൽ പ്രമേയ പ്രഭാഷണം നടത്തും. ഉച്ചക്ക് 2 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനവും യാത്രയയപ്പും കേരള സംസ്ഥാന കായിക- ഹജജ്- വഖ്ഫ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഡോ.കെ.ടി.ജലീൽ മുഖ്യപ്രഭാഷണം നടത്തും. "ഉർദു പഠനത്തിന്റെ തൊഴിൽ സാധ്യതകൾ" എന്ന വിഷയത്തിൽ കാലിക്കറ്റ് ഉർദുവിഭാഗം മേധാവി ഡോ.കെ.വി. നകുലൻ, "ആധുനിക കാലത്തെ ഉർദു അധ്യാപകൻ" എന്ന വിഷയത്തിൽ കാലിക്കറ്റ് യുനിവേഴ്സിറ്റി മുൻ സെനറ്റംഗം ഉസ്മാൻ താമരത്ത് എന്നിവർ പ്രഭാഷണം നടത്തും. കേരളത്തിലെ മുഴുവൻ ഹയർ സെക്കണ്ടറികളിൽ ഉർദും പഠനം ആരംഭിക്കുക, 2019 ൽ നിർത്തലാക്കിയ ഹൈസ്കൂൾ അധ്യാപക പരിശീലനമായിരുന്ന ഡിപ്ലോമ ഇൻ ലാംഗേജ് എഡുക്കേഷൻ (ഡി.എൽ.എഡ് | പുനരാരംഭിക്കുക, എൽ.പി സ്കൂളുകളിൽ ഉർദു പഠനം ആരംഭിക്കുക, കെ. ടെറ്റ് പരീക്ഷ പാസ്സാകാത്ത കാരണത്താൽ ആനുകൂല്യങ്ങൾ തായാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാന സമ്മേളനം മുന്നോട്ട് വെക്കുന്നത്.
കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി ശംസുദ്ധീൻ തിരൂർക്കാട്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.സുരേഷ്, ട്രഷറർ എൻ.ബഷീർ, സംസ്ഥാന ഭാരവാഹികളായ ടി എ റഷിദ്, ലഫ്റ്റനന്റ് പി. ഹംസ, ജില്ലാ സെക്രട്ടറി എം.സാജിദ്, ജില്ല ഭാരവാഹികളായ പി.പി.മുജീബ് റഹ്മാൻ ,കെ സൈഫുന്നീസ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.