പാണക്കാട്: കാലങ്ങളെ നയിച്ച കാലഘട്ടങ്ങൾ എന്ന പ്രമേയത്തിൽ എം.എസ്.എഫ്. സംസ്ഥാനകമ്മിറ്റി നടത്തിയ 'പാണക്കാടിന്റെ പൈതൃകം' കാംപയിന് സമാപനം. പാണക്കാട് കുടുംബത്തിലെ മുഴുവൻ സയ്യിദൻമാരും ഒന്നിച്ചണിനിരന്ന വേദിയിൽ പുഞ്ചിരിയോടെ അവർ പ്രവർത്തകരെ അഭിവാദ്യംചെയ്തു. കണ്ണൂരിലെ വളപട്ടണത്തു മൂന്നുമാസം മുമ്പാണ് കാംപയിൻ ആരംഭിച്ചത്.
കൊടപ്പനയ്ക്കൽ തറവാടിന്റെ ചരിത്രവും പൈതൃകവും ചർച്ച ചെയ്ത കാംപയിൻ മതേതരത്വത്തിന്റെയും മാനവികയുടെയും ഉണർത്തുപാട്ടായി. മൂന്നു ഭാഗങ്ങളായാണ് സമ്മേളനം അരങ്ങേറിയത്.
സമാപനസമ്മേളനത്തിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി. മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസമദ് സമദാനി, മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, ഡോ. എം.കെ. മുനീർ എന്നിവർ പ്രസംഗിച്ചു.
ഒരു നേതാവ് നേതൃത്വം നൽകാൻ ഇല്ലെങ്കിൽ സമൂഹത്തിൽ ശിഥിലീകരണമായിരിക്കും സംഭവിക്കുകയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. ഇന്ത്യയിൽ ശിഥിലീകരണം സംഭവിച്ച ധാരാളം സ്ഥലങ്ങളുണ്ട്. അതിൽനിന്ന് വ്യത്യസ്തമായി പാണക്കാട് കുടുംബത്തിന്റെ സ്വാധീനമുള്ളയിടത്തെല്ലാം മികച്ച നേതൃത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരോടൊപ്പം ചേർന്നു നിൽക്കുന്ന പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിനുള്ളതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മോയിൻ മലയമ്മ എഴുതിയ ‘പാണക്കാട് തങ്ങന്മാർ’ ചരിത്രഗ്രന്ഥം ചടങ്ങിൽ പ്രകാശനംചെയ്തു.
സമാപനസമ്മേളനത്തിലെ ഒന്നാംഭാഗത്തിൽ ഫാരിസ് പൂക്കോട്ടൂർ അധ്യക്ഷതവഹിച്ചു. രണ്ടാംഭാഗത്തിൽ എം.എസ്.എഫ്. സംസ്ഥാനപ്രസിഡന്റ് പി.കെ. നവാസ് അധ്യക്ഷതവഹിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സി.പി. സൈതലവി, സി.കെ. നജാഫ്, പി.എ. ജവാദ് എന്നിവർ പ്രസംഗിച്ചു.