മലപ്പുറം: മലപ്പുറം മാറാക്കര പഞ്ചായത്ത് ഓഫീസിനു സമീപം നാൽപത് അടി താഴ്ചയുള്ള കിണറില്‍ വീണ കാളക്ക് രക്ഷകരായി മലപ്പുറം അഗ്‌നി രക്ഷാ സേന. ഞാറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ആണ് സംഭവം. കാടാമ്പുഴ മാറാക്കര സ്വദേശി കല്ലന്‍ വീട്ടില്‍ സുലൈമാന്റെ ഉടമസ്ഥതയിലുള്ള ഒന്നര വയസ്സ് പ്രായമായ കാളയാണ് കിണറ്റില്‍ വീണത്. വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ അഴിച്ചു വിട്ടു വളര്‍ത്തുന്ന കാള അടുക്കളയോട് ചേര്‍ന്ന കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ആള്‍മറ ഇല്ലാത്ത കിണറിന്റെ മുകള്‍ ഭാഗം ഗ്രില്‍ ഉപയോഗിച്ച് മൂടിയിരുന്നു.ഗ്രില്ലിനു മുകളില്‍ കയറിയ കാള ഗ്രില്‍ തകര്‍ന്നു കിണറില്‍ പതിക്കുകയായിയുന്നു. കിണറില്‍ വായു സഞ്ചാരം കുറവ് ആയതിനാല്‍ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് തിരിച്ചു കയറി മലപ്പുറം ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചു. സേന സ്ഥലത്തു എത്തുമ്പോള്‍ കാള വെള്ളത്തില്‍ കിടന്നു അവശ നിലയില്‍ ആയിരുന്നു.
സേന അംഗങ്ങള്‍ ആയ എ എസ് പ്രദീപ്, കെ സി മുഹമ്മദ് ഫാരിസ് തുടങ്ങിയവര്‍ ബ്രീത്തിങ് അപാരറ്റസ് സെറ്റും എക്സ്റ്റന്‍ഷന്‍ ലാഡറും ഉപയോഗിച്ച് കിണറില്‍ ഇറങ്ങി കാളയെ ബെല്‍റ്റ് ധരിപ്പിച്ചു മറ്റു സേന അംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റി. കിണറില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു.സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം പ്രദീപ് കുമാര്‍ മറ്റു സേന അംഗങ്ങളായ സി രജീഷ്, കെ മുഹമ്മദ് ഷഫീക്, എന്‍ സനു തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.