പറപ്പൂർ: കോട്ടയ്ക്കൽ കിഴക്കേകോവിലകം അധീനതയിലുള്ള പറപ്പൂർ ശ്രീകുരുംബക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് 1ന് കുഭം 17ന് വെള്ളിയാഴ്ച പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.
പറപ്പുരിലെ ഗ്രാമോത്സവം എന്നാണ് താലപ്പൊലി മഹോത്സവത്തെ വിശേഷിപ്പിക്കാറുള്ളത്.
ഫെബ്രുവരി 23 കുഭം 10ന് വെള്ളിയാഴ്ച നടക്കുന്ന താലപ്പൊലി നിശ്ചയം കുറിക്കൽ ചടങ്ങോടെയാണ് ഉത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുക.
ശ്രീകുറുമ്പക്കാവിലെ നിശ്ചയം കുറിക്കൽ ചടങ്ങിന് ശേഷം ആവേനും ചോപ്പേനും പരിവാരങ്ങളുമായി നരിയഞ്ചേരി തറവാട്ടിൽ എത്തുന്നു. അവിടുത്തെ ചടങ്ങുകൾക്കും ഉച്ചഭക്ഷണത്തിനും ശേഷം താലപ്പൊലി ഉത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് ദേശത്തെ മുഴുവൻ ഹൈന്ദവ വീടുകളിലും ചെണ്ടവാദ്യങ്ങളുടെ അകമ്പടിയോടെ ദേവീ ചൈതന്യവുമായി വെളിച്ചപ്പാടുകൾ (ആവേനും ചോപ്പനും) എത്തിച്ചേരുന്നു.
നിലവിളക്കും പറയും വെച്ച് ആദരവോടും ഭക്തിയോടും കൂടി കുടുംബാംഗങ്ങൾ ഇവരെ സ്വീകരിക്കുന്നു. ഉത്സവത്തിന് ക്ഷണിച്ചും അരിയെറിഞ്ഞു വീട്ടുകാരെ മുഴുവൻ അനുഗ്രഹിച്ചും അടുത്ത വീടുകളിലേക്ക് വെളിച്ചപ്പാടുകൾ പ്രയാണം തുടരും.
ദേശത്തെ മുഴുവൻ ഹൈന്ദവ വീടുകളിലും ഉത്സവത്തിന് ദേവിയുടെ ക്ഷണവുമായി എത്തുന്ന കോമരങ്ങൾ ഉത്സവത്തിന്റെ രണ്ട് ദിവസം മുൻപ് വരെ ഇങ്ങനെ യാത്ര തുടരും.പലപ്പോഴും പാതിരാത്രി വരെ ഇത് നീളുന്നു.
പറപ്പൂർ ഗ്രാമമാകെയും കിഴക്കേ കോവിലകത്തെ ആസ്ഥാനമായ കോട്ടയ്ക്കലിലെ ഹൈന്ദവ വീടുകളിലും എത്തിചേർന്ന് ദേവിയുടെ ആശീർവാദമറിയിക്കുന്നു.
അതിന് ശേഷം ക്ഷേത്രത്തിലെ അവകാശികളായ പൂതനും കാളകളും ഇങ്ങനെ എല്ലാ വീടുകളിലും കയറി ഇറങ്ങുന്നു.
ഉത്സവത്തിന് തലേ ദിവസം രാവിലെ ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുടെ നേതൃത്വത്തിൽ വലിയ പന്തലകത്തിന്റെ കാൽ നാട്ടൽ ചടങ്ങുകളോടെ ഉത്സവത്തിന്റെ അരങ്ങ് ഉണരുകയായി.
താലപ്പൊലി ദിനത്തിൽ രാവിലെ കാവുണർത്താൽ ചടങ്ങുകളോടെ ആരംഭിക്കുന്ന ഉത്സവം, ക്ഷേത്ര ചടങ്ങുകൾക്കൊപ്പം ദേവിയെ പുറത്തേക്ക് എഴുന്നെള്ളിച്ച് കുടിയിരുത്താനുള്ള പന്തലകത്തിന്റെ പണിയും ക്ഷേത്ര അവകാശികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നു.
വൈകുന്നേരം ദേശത്തെ അവകാശികളായ കാളവരവ് എത്തുന്നതോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള ഗംഭീരമായ കൊടിവരവുകൾക്ക് തുടക്കം കുറിക്കും.
ക്ഷേത്രത്തിൽ ആദ്യം എത്തിച്ചേർന്ന അവകാശികളായ ദേശകാളയുടെ നേതൃത്വത്തിൽ ഇവരെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു ആനയിക്കുന്നു. ക്ഷേത്രകമ്മറ്റി ചുവപ്പ് പട്ടു ചാർത്തി ഒദ്യോഗികമായി സ്വീകരണം നൽകുന്നു. പടുകൂറ്റൻ കാളകളും മനോഹരങ്ങളായ കാവടിയും, നാടൻ കലാരൂപങ്ങളും, വിവിധ ദേവീദവന്മാരുടെ വേഷങ്ങളും തുടങ്ങി, വാദ്യങ്ങളും ശിങ്കാരിമേളവും, പന്തങ്ങളും, തെയ്യങ്ങളും, ദേവിനൃത്തങ്ങളും ഉൾപ്പടെ അതിമനോഹരമായകാഴ്ചകളുമായാവും ഓരോ കൊടി വരവുകളും ക്ഷേത്രത്തിൽ എത്തുക. ഇത് രാത്രി ഏറെ വൈകിയും തുടരും. സമാന്തരമായി തന്നെ ക്ഷേത്രത്തിലെ അവകാശികളുടെ നേതൃത്വത്തിൽ ആചാരപരമായ ചടങ്ങുകൾ അതാത് സമയങ്ങളിൽ തന്നെ നടക്കുകയും ചെയ്യും. ദേവിയെ ക്ഷേത്രത്തിന് പുറത്തു അവകാശികൾ ചേർന്നുണ്ടാക്കിയ ന്ന താത്കാലിക ക്ഷേത്രത്തിൽ കുടിയിരുത്തിയാണ് ഉത്സവ ചടങ്ങുകൾ നടത്തുക. എല്ലാ ചടങ്ങുകളും തീർത്ത് ശനിയാഴ്ച ഉച്ചയോടുകൂടി ദേവിയെ തിരിച്ചു ക്ഷേത്രത്തിൽ തന്നെ എഴുന്നെള്ളിച്ചു കുടിയിരുത്തിയ ശേഷമാണ് ഉത്സവ ചടങ്ങുകൾ സമാപിക്കുക. ഊരാളന്മാരും ക്ഷേത്രത്തിലെ പരമ്പരാഗത അവകാശികളുടേയും സാന്നിധ്യത്തിലും മേൽനോട്ടത്തിലും ശ്രീകുരുംബക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയാണ് ഉത്സവവും ദൈനംദിന കാര്യങ്ങളും പരിപാലിച്ചു പോരുന്നത്.
ക്ഷേത്രത്തിലെ അവകാശികളിൽ ആചാരവെടിയുടെ അവകാശം പതിറ്റാണ്ടുകളായി തുടരുന്നത് മുസ്ലീം കുടുംബമാണ്. അതുകൊണ്ട് തന്നെ പറപ്പൂർ ക്ഷേത്രോത്സവം നാടിന്റെ കൂടി ആഘോഷമാണ്. കല്ല്യാണം കഴിഞ്ഞു പോയ പെൺകുട്ടികൾ എല്ലാവരും കുടുംബസമേതം മതജാതിഭേദമന്യേ ഉത്സവദിനത്തിൽ സ്വന്തം വീടുകളിൽ എത്തിച്ചേരുന്ന പതിവ് ഇന്നും തുടരുന്നുണ്ട്.