കോട്ടയ്ക്കൽ പറപ്പൂർ കുറുമ്പക്കാവ് താലപ്പൊലി നിശ്ചയം കുറിക്കൽ ചടങ്ങ് നടന്നു

കോട്ടയ്ക്കൽ കിഴക്കേ കോവിലകം വക പറപ്പൂർ ശ്രീകുറുമ്പകാവിലെ താലപ്പൊലി മാർച്ച് 1 ന് വെള്ളിയാഴ്ച നടക്കും.
ക്ഷേത്രത്തിലെ പരമ്പരാഗത അവകാശികളുടേയും, ക്ഷേത്ര സമിതി ഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തിൽ ആചാരവിധികളോടെ ഉത്സവത്തിന്റെ നിശ്ചയം കുറിക്കൽ ചടങ്ങ് നടന്നു. ആവേനും ചോപ്പനും നിശ്ചയം കുറിക്കൽ ചടങ്ങിന് ശേഷം ആർപ്പ് വിളികളും ചെണ്ട വാദ്യവുമായി ക്ഷേത്രത്തിലെ പ്രധാന അവകാശികളിൽപ്പെട്ട നരിയഞ്ചേരി തറവാട്ടിൽ എത്തും. അവിടുത്തെ ചടങ്ങുകൾക്ക് ശേഷം ദേവി ചൈതന്യവുമായി ആവേനും ചോപ്പനും ഇനിയുള്ള ദിവസങ്ങളിൽ ദേശത്തെ ഹൈന്ദവ വീടുകളിലെത്തി അരിയെറിഞ്ഞു ദേവിയുടെ ആശീർവാദമറിയിച്ച് ഉത്സവത്തിന് ക്ഷണിക്കും. കിഴക്കേ കോവിലകത്തിന്റെ ആസ്ഥാനമായ കോട്ടയ്ക്കലിലും ഇവരെത്തും. നിലവിളക്കും പറയും വെച്ച് വീട്ടുക്കാർ ഇവരെ സ്വീകരിക്കും. ശേഷം ദേശത്തെ പൂതനും, കാളയും വെവ്വേറെ സംഘങ്ങളായി മുഴുവൻ വീടുകളിലും കയറിയിറങ്ങും. ഇന്ന് നടന്ന നിശ്ചയം കുറിക്കൽ ചടങ്ങോടെയാണ് താലപ്പൊലി മഹോത്സവത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്.
മാർച്ച് 1 ന് വെള്ളിയാഴ്ചയാണ് താലപ്പൊലി മഹോത്സവം. ഉത്സവത്തിന്റെ തലേദിവസം വലിയ പന്തലിനുള്ള കാൽ നാട്ടും. ഉത്സവത്തിന് പുറത്തേക്ക് എഴുന്നെള്ളുന്ന ഭഗവതിയെ കുടിയിരുത്തുന്നത് ഈ പന്തലിൽ നിർമിക്കുന്ന താത്കാലിക അമ്പലത്തിലാണ്.വെള്ളിയാഴ്ച പുലർച്ചെ നാലരക്ക് നട തുറന്ന ശേഷം, കാവ് ഉണർത്തൽ, ഉഷപൂജ, കവുങ്ങ് എഴുന്നെള്ളിപ്പ്, ഉച്ചപൂജ, പ്രസാദ ഊട്ട് തുടങ്ങിയ വിവിധ ചടങ്ങുകളോടെ ആരംഭിക്കുന്ന ഉത്സവം വൈകുന്നേരം നാലു മണിയോടെ ദേശത്തെ അവകാശകാള എത്തുന്നതോടെ വിവിധ ദേശങ്ങളിൽ നിന്ന് കാളവരവുകൾ എത്തി തുടങ്ങും. അർദ്ധരാത്രി വരെ ഇത് തുടരും.ക്ഷേത്ര ചടങ്ങുകൾ സന്ധ്യയോടെ തുടങ്ങും. എളമരം നാട്ടൽ, കളമെഴുത്ത്, സന്ധ്യാവേല, തായമ്പക,അത്താഴപൂജ, വിളക്കിന്റെ വെളിച്ചപ്പാട്,ദേവിയെ പുറത്തേക്ക് എഴുന്നെള്ളിപ്പ്, കളം പൂജ, തായമ്പക, പരദേവതയുടെ വെളിച്ചപ്പാട്,ഭൂതം കളി, താലപ്പൊലി എഴുന്നെള്ളിപ്പ്,ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന വടക്കൻ വാതുക്കൽ കർമ്മം, അരിയേറ്,നായാട്ട്പുറാട്ട്, ദണ്ഡ് നാട്ടി കർമ്മങ്ങൾ, പുഴയിൽ ദണ്ഡ് ഒഴുക്കൽ, അരിയളവ് എന്നീ ചടങ്ങുകൾക്ക് ശേഷം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ദേവിയെ മേളത്തോടുകൂടി ക്ഷേത്രത്തിലേക്ക് തിരിച്ചു എഴുന്നെള്ളിച്ച് നടയടക്കുന്നതോടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും.

പറപ്പൂർ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്‌ ഹരിദാസൻ, സെക്രട്ടറി സി പി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ പി അറുമുഖൻ,മീഡിയ കൺവീനർ രവിനാഥ് ഇന്ദ്രപ്രസ്ഥം, പ്രസ്സ് കോർഡിനേറ്റർ സുധാകരൻ, മറ്റു ഭാരവാഹികളായ കുഞ്ഞാപ്പു, കൃഷ്ണകുമാർ, പ്രഭാശങ്കർ, വേലായുധൻ, ബാലൻ പി,രാധാകൃഷ്ണൻ,സി ഗോപി, ബാബു തപസ്യ എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}