ഞങ്ങൾ വർത്തമാനം പറഞ്ഞാൽ അതുതന്നെയേ ഉണ്ടാകൂ- കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭയിൽ മൂന്നാംസീറ്റെന്ന ആവശ്യത്തിൽനിന്ന് മുസ്‌ലിംലീഗ് പിറകോട്ടു പോയിട്ടില്ലെന്ന് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇക്കാര്യം ഇനിയും ഉന്നയിക്കേണ്ട കാര്യമില്ല. ഞങ്ങൾ വർത്തമാനം പറഞ്ഞാൽ അതുതന്നെയേ ഉണ്ടാകൂ. നേരത്തെയുള്ള നിലപാടിൽ യാതൊരു വ്യത്യാസവുമില്ല - കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽച്ചേർന്ന അടിയന്തര യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ വിദേശത്തു പോകുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയസാഹചര്യം വിലയിരുത്താനാണ് യോഗം ചേർന്നത്.

സ്ഥാനാർഥിപ്രഖ്യാപനം വൈകിയിട്ടില്ലെന്നും ഒന്നിലധികം സീറ്റുകളുള്ള പാർട്ടികളൊന്നും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് യാത്രയ്ക്കിടെ യു.ഡി.എഫ്. യോഗമുണ്ടാകും. അതിനുശേഷം പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കും. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാംസീറ്റ് നൽകാനുള്ള പ്രായോഗികപ്രയാസം കോൺഗ്രസ് നേതൃത്വം കഴിഞ്ഞദിവസം സാദിഖലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിരുന്നു. പകരം രാജ്യസഭാസീറ്റെന്ന ഫോർമുല കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുമില്ല. ഇക്കാര്യം ലീഗ് അംഗീകരിച്ചിട്ടില്ലെന്നാണു വിവരം. 26-ന് സാദിഖലി തങ്ങൾ മടങ്ങിയെത്തിയശേഷമാകും അന്തിമ തീരുമാനം. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}