മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഫൈനൽ റൗണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആറുപേർ മലപ്പുറത്തുനിന്ന്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ കളിച്ച ടീമിൽനിന്ന് ഒരാൾ പുറത്തായപ്പോൾ പകരം മറ്റൊരു താരത്തിന് അവസരം ലഭിച്ചു. മലപ്പുറം ജില്ലാ ഡി.എഫ്.എ. സെക്രട്ടറി ഡോ. സുധീർ കുമാറാണ് ടീം മാനേജർ. ഇതോടെ മലപ്പുറത്തിന്റെ ഏഴുപേർ ടീമിന്റെ ഭാഗമാകും.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലുണ്ടായിരുന്ന ജുനൈൻ പുറത്തായപ്പോൾ പകരം മധ്യനിര താരം പി.പി. മുഹമ്മദ് സഫ്‌നീദാണ് ടീമിൽ ഇടം നേടിയത്. സംസ്ഥാന സീനിയർ ഫുട്‌ബോൾ ചാമ്പ്യന്മാരായ തൃശ്ശൂർ ടീമിന്റെ താരമായിരുന്നു സഫ്‌നീദ്. നാലു വർഷമായി കാലിക്കറ്റ് സർവകലാശാല താരമാണ്. 2021-ൽ അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റിനെ നയിച്ചിരുന്നത് സഫ്‌നീദായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് വിദ്യാർഥിയാണ്. തിരൂർ കട്ടച്ചിറ ചേരാഞ്ചേരിപറമ്പിൽ കബീർ സാബിറ ദമ്പതിമാരുടെ മകനാണ്. സാബിക്ക്, ഷക്കീബ എന്നിവർ സഹോദരങ്ങളാണ്.
മറ്റ് അഞ്ചുപേരും നിലവിൽ ടീമിലുള്ളവർ തന്നെ. ഗോൾവല കാക്കുന്ന മൂന്നുപേരിൽ രണ്ടുപേരും മലപ്പുറത്തുകാരാണ്. കേരള പോലീസ് താരം മുഹമ്മദ് അസ്ഹർ, ഈസ്റ്റ്ബംഗാൾ താരം മുഹമ്മദ് നിഷാദ് എന്നിവരാണ് മലപ്പുറത്തുനിന്ന് ഇടംപിടിച്ച ഗോൾകീപ്പർമാർ.
മുൻ സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് സാലിം, അബ്ദുറഹീം എന്നിവർക്ക് പുറമേ അക്ബർ സിദ്ദിഖും ടീമിലുണ്ട്. മുഹമ്മദ് അസ്ഹർ രണ്ടാം തവണയാണ് സന്തോഷ് ട്രോഫി ടീമിൽ ഇടംപിടിക്കുന്നത്. 2019 സന്തോഷ് ട്രോഫി ടീമിൽ ഇടംപിടിച്ച പെരിന്തൽമണ്ണ പാതായിക്കര സ്വദേശിയായ അസ്ഹർ കേരള പോലീസ് താരമാണ്. വഴിക്കടവ് സ്വദേശിയായ പി.പി. മുഹമ്മദ് നിഷാദ് 2017-ലെ സംസ്ഥാന സ്കൂൾ ടീമിൽ അംഗമായിരുന്നു. നിലവിൽ ഈസ്റ്റ്ബംഗാൾ താരമാണ് നിഷാദ്.
കഴിഞ്ഞവർഷത്തെ സന്തോഷ് ട്രോഫി ടീമിൽ കളിച്ച മുഹമ്മദ് സാലിം വിങ് ബാക്കായും മിഡ്ഫീൽഡറായും മികച്ച കളി പുറത്തെടുക്കുന്ന താരമാണ്. ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ എം.ജി. സർവകലാശാലാ താരമാണ്. ദിവസങ്ങൾക്ക് മുൻപാണ് കെ.എസ്.ഇ.ബി.യിൽ പ്രവേശിക്കുന്നത്. ബാസ്‌കോ ഒതുക്കുങ്ങലിന്റെ താരമായ അബ്ദുൽ റഹീം മധ്യനിരയിലും സ്‌ട്രൈക്കറായും തിളങ്ങാൻ ശേഷിയുള്ള താരമാണ്. കാടാമ്പുഴ സ്വദേശിയാണ്. മലപ്പുറത്ത് നടന്ന സംസ്ഥാന സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്കായി ബൂട്ട് കെട്ടിയ റഹീം മികച്ച കളി പുറത്തെടുത്തിരുന്നു.
ലെഫ്റ്റ് വിങറായ അക്ബർ സിദ്ദിഖ് ഐക്കരപ്പടി സ്വദേശിയാണ്. കാലിക്കറ്റ് സർവകലാശാലാ ടീമംഗമാണ്.