കക്കാട്: നവീകരണം നടക്കുന്ന ദേശീയപാതയിൽ കോൺക്രീറ്റ് സുരക്ഷാഭിത്തികൾ താഴ്ചയിലേക്കു വീണത് പരിഭ്രാന്തിക്കിടയാക്കി. കക്കാട് ജങ്ഷനു സമീപം ഞായറാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. നിലവിൽ കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന സർവീസ് റോഡിനു സമീപത്തെ വലിയ താഴ്ചയുടെ സമീപം താത്കാലികമായി സ്ഥാപിച്ചിരുന്ന സുരക്ഷാഭിത്തികളാണ് താഴേക്കുവീണത്. റോഡിൽ വിള്ളലുണ്ടാകുകയും വശങ്ങളിലെ മണ്ണിടിയുകയും ചെയ്തതോടെയാണ് തിരക്കേറിയ റോഡിലെ സുരക്ഷാഭിത്തികൾ വീണത്.
വലിയ ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശത്തെ യുവാവാണ് അപകടം ആദ്യം കണ്ടത്. തുടർന്ന് സന്നദ്ധപ്രവർത്തകരെ വിളിച്ചുവരുത്തി വാഹനങ്ങൾ വേഗതകുറച്ച് നിയന്ത്രിക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി.
മണ്ണിടിഞ്ഞഭാഗത്ത് പകരം സുരക്ഷാഭിത്തികൾ സ്ഥാപിച്ച് ഗതാഗതം സുരക്ഷിതമാക്കുകയുംചെയ്തു. വശങ്ങളിലെ മണ്ണ് ബലപ്പെടുത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കരാറുകാരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. മണ്ണെടുത്ത് വലിയ താഴ്ചകളായിട്ടുള്ള, അടിപ്പാതകളും റോഡും നിർമിക്കുന്ന സ്ഥലങ്ങളിൽ അപകടഭീഷണിയുണ്ടെന്ന് നേരത്തേ പരാതികളുയർന്നിരുന്നതാണ്. രാത്രിയിൽ വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ സുരക്ഷാക്ഷാഭിത്തികൾ പെട്ടെന്ന് ഇല്ലാതായാൽ വാഹനങ്ങൾ താഴ്ചയിലേക്കു മറിയാനുള്ള അപകടസാധ്യത ഏറെയാണ്. ഒഴിവായത് വൻ അപകടം.