ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഈ വർഷത്തെ ഹജ്ജ് യാത്രക്കുള്ള നിരക്കിൽ വരുത്തിയ 510 ഡോളറിന്റെ (40,000ൽ പരം ഇന്ത്യൻ രൂപ) കുറവ് അന്തിമമാണെന്നും നിരക്കിൽ ഇനി പുനരാലോചനയില്ലെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഇക്കാര്യം തന്നെ വന്നുകണ്ട കേരളത്തിൽനിന്നുള്ള മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും എം.പിമാരോട് വ്യക്തമാക്കിയതാണെന്നും ആ കുറവ് ഇതിനകം നടപ്പിൽവരുത്തിയെന്നും സ്മൃതി ഇറാനി ‘മാധ്യമ’ത്തോട് പറഞ്ഞു.
മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് എന്നിവർ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് തുക കുറവ് വരുത്താമെന്ന് സ്മൃതി ഇറാനി ഉറപ്പുനൽകിയത്. എന്നാൽ, അതിന് പിറ്റേന്ന് കോൺഗ്രസ് എം.പിമാരും ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രനും 510 ഡോളറിന്റെ കുറവ് അപര്യാപ്തമാണെന്നും സംസ്ഥാനത്തെ എല്ലാ എംബാർക്കേഷൻ പോയന്റുകളുടെയും നിരക്ക് ഏകീകരിക്കണമെന്നും കേന്ദ്രമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.