പറപ്പൂര്: വളരെ കുരുന്ന് പ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച സഹോദരങ്ങൾ മൂന്നാം തവണയും പാലിയേറ്റീവ് ദിനത്തിൽ കിടപ്പിലായ രോഗികൾക്ക് വേണ്ടി കുടുംബ ഗ്രൂപ്പുകളിലും മറ്റ് ബന്ധുക്കളിൽ നിന്നുമായി ഭീമമായ ഒരു സംഖ്യ സമാഹരിച്ച് സമൂഹത്തിന് തന്നെ മാതൃകയായി.
സഹോദരങ്ങളായ എ പി ദാരിയയും എ പി ബാസിലും തങ്ങൾ സമാഹരിച്ച തുക പാലിയേറ്റീവ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്ഥലം എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് കൈമാറി.
ഇക്കഴിഞ്ഞ മൂന്ന് വർഷവും ഏറ്റവും വലിയ തുക സമാഹരിച്ച കുട്ടികളാണ് സഹോദരങ്ങളായ മുഹമ്മദ് ബാസിലും ദാരിയയും. ഈ വർഷം 12,040 രൂപയാണ് ഇവർ പാലിയേറ്റീവിനായി സ്വരൂപിച്ചത്.
ഇരിങ്ങല്ലൂർ കുറ്റിത്തറ എ എം യു പി സ്കൂൾ വിദ്യാർത്ഥികളായ ഇരുവരും പാലാണി സ്വദേശി എപി അബൂബക്കർ സിദ്ദീഖിന്റെയും നഫീസയുടെയും മക്കളാണ്. കഴിഞ്ഞ തവണ പാലിയേറ്റീവിനായി ഫണ്ട് നൽകിയപ്പോൾ ആറാം വാർഡ് മെമ്പറും വനിതാ വളണ്ടിയറുമായ എ പി ഷാഹിദയോട് ആവശ്യപ്പെട്ടത് ഒരു ദിവസം ഞങ്ങൾക്ക് പാലിയേറ്റീവിൽ ഹോം കെയറിന് വളണ്ടിയറായി പോകാൻ അവസരം നൽകുമോ എന്നാണ്. അന്ന് പാലിയേറ്റീവിനെ അടുത്തറിഞ്ഞതിനാലാണ് ഇത്രയും വലിയ തുക സമാഹരിക്കാൻ തയ്യാറായതെന്ന് ഇരുവരും പറയുന്നു.
ചടങ്ങിൽ പറപ്പൂർ പാലിയേറ്റീവ് ഭാരവാഹികളായ നെല്ലൂർ മജീദ് മാസ്റ്റർ, മൊയ്തുട്ടി ഹാജി എപി, ഷാഹുൽ ഹമീദ്, സിദ്ധീഖ് എം പി എന്നിവരും കുട്ടികളുടെ മാതൃ പിതാവ് മുഹമ്മദലി ഹാജി എൻ.എം, സവാദ് എൻ.എം എന്നിവരും പങ്കെടുത്തു.