വേങ്ങര ഉൾപ്പെടെ ജില്ലയിലെ ഭൂഗർഭജലം കുറയുന്നു; ആശങ്കയായി കണക്കുകൾ

വേങ്ങര: വേനൽ കടുത്ത് ജല സ്രോതസ്സുകൾ വറ്റുന്നതിനിടെ, മലപ്പുറം ജില്ലയ്ക്ക് ആശങ്കയായി ഭൂഗർഭ ജലവുമായി ബന്ധപ്പെട്ട് കണക്കുകൾ. സംസ്ഥാനത്ത് ഭൂഗർഭ ജലലഭ്യതയുടെ കാര്യത്തിൽ ഏറെ പ്രതിസന്ധിയുള്ള 30 ബ്ലോക്കുകളിൽ 8 എണ്ണം മലപ്പുറം ജില്ലയിലാണ്. ആകെ ലഭ്യമായ ഭൂഗർഭ ജലത്തിന്റെ 70 മുതൽ 90 % വരെ ഉപയോഗിക്കുന്ന പ്രദേശങ്ങളെയാണ് ഭാഗിക ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, തിരൂർ, വേങ്ങര, താനൂർ, മങ്കട ബ്ലോക്കുകളാണ് ഭാഗിക ഗുരുതര സ്ഥിതിയുള്ളത്. കേന്ദ്രജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആകെ സംസ്ഥാനത്തെ 152 ബ്ലോക്കുകളിലാണ് പഠനം നടത്തിയത്. സംസ്ഥാനത്തൊട്ടാകെ ഭൂഗർഭ ജല നിരപ്പിന്റെ തോത് 10 അടിയിൽ നിന്ന് 13 അടിയായതായും റിപ്പോർട്ടിലുണ്ട്. അതീവ ഗുരുതര സ്ഥിതിയിലുള്ള 3 ബ്ലോക്കുകളാണ് കേരളത്തിലുള്ളത്.

ഇതിൽ മലപ്പുറം ജില്ലയിലുൾപ്പെടുന്ന പ്രദേശങ്ങളില്ല.കാസർകോട്, ചിറ്റൂർ, മലമ്പുഴ ബ്ലോക്കുകളാണ് ഈ വിഭാഗത്തിൽ. ലഭ്യമായ ഭൂഗർഭ ജലത്തിന്റെ 90 മുതൽ 100% വരെയാണ് ഈ പ്രദേശങ്ങളിൽ ഊറ്റിയെടുക്കുന്നത്. അതേസമയം, ജില്ലയിലെ 7 ബ്ലോക്കുകൾ ഭൂഗർഭ ജല ലഭ്യതയിൽ സുരക്ഷിത മേഖലയിലാണ്. ലഭ്യമായതിന്റെ 70 ശതമാനത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന മേഖലകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഭൂഗർഭ ജല നിരപ്പ് താഴുംതോറും വരൾച്ച രൂക്ഷമാകാനുള്ള സാധ്യത വർധിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}